ഭംഗിയില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടക്കാൻ സഹായിക്കും! കുടുംബം തുടങ്ങാൻ തുണയാകും; സ്ത്രീധനത്തെ മഹത്വവത്കരിച്ച് പാഠഭാഗം; വ്യാപക വിമർശനം

wedding

ന്യൂഡൽഹി: സ്ത്രീധനം നിയമം മൂലം നിരോധിച്ച ഇന്ത്യയിലെ പാഠഭാഗത്ത് സ്ത്രീധനത്തെ വാഴത്തുന്ന പാഠഭാഗങ്ങൾ കയറിക്കൂടിയതായി പരാതി. ഭംഗിയില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടക്കാൻ സ്ത്രീധനം ഉപകരിക്കുമെന്നടക്കം രേഖപ്പെടുത്തിയ പാഠഭാഗമാണ് നഴ്സിങ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്.

ഒരു കുടുംബം തുടങ്ങാൻ സ്ത്രീധനം സഹയിക്കുമെന്നാണ് സ്ത്രീധനത്തിന്റെ ഗുണമായി പുസ്തകത്തിൽ പറയുന്നത്. രക്ഷിതാക്കളുടെ സ്വത്തിന്റെ ഓഹരിയാണ് സ്ത്രീധനം എന്നും കട്ടിൽ, കിടക്ക, ടിവി, ഫാൻ, റഫ്രിജറേറ്റുകൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സ്ത്രീധനത്തിലൂടെ ലഭിക്കും എന്നും സ്ത്രീധനത്തിന്റെ മേന്മയായി വിവരിച്ചിട്ടുണ്ട്. മാത്രവുമല്ല സ്ത്രീധനം ബാധ്യതയായി മാറുന്ന വീട്ടുകാർ സ്ത്രീധനം കുറച്ചു നൽകാനായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരുന്നു എന്നും പുസ്തകത്തിൽ പറയുന്നു.

സ്ത്രീധനത്തിന്റെ ഗുണദോഷങ്ങൾ വിവരിക്കുന്ന പാഠഭാഗം ട്വിറ്ററിൽ ഷെയർ ചെയ്തതോടെയാണ് വലിയ ചർച്ചാ വിഷയമായത്. നഴ്സിങ് വിദ്യാർത്ഥികൾക്ക് തങ്ങളുടെ നാല് വർഷത്തെ കോഴ്സിൽ സോഷ്യോളജി ഒരു വിഷയമായി പഠിക്കാനുണ്ട്. സോഷ്യോളജി സിലബസ്സിലെ ഒരു ഭാഗമാണ് സ്ത്രീധനം . സിലബസ്സിലെ സോഷ്യോളജി വിഷയത്തിൽ നിരവധി പബ്ലിഷർമാർ പുസ്തകം ഇറക്കുന്നുണ്ട്.

ടികെ ഇന്ദ്രാണി രചിച്ച് ജെയ്പീ ബ്രദേഴ്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് സ്ത്രീധനത്തെ മഹത്വവത്കരിക്കുന്ന ഗുരുതര പിഴവുള്ള ഭാഗം കടന്നു കൂടിയിരിക്കുന്നതെന്ന് എയിംസ് നഴ്സസ് യൂണിയൻ ജനറൽ സെക്രട്ടറി ഫമീർ സികെ പറയുന്നു.

also read- കൊടുങ്ങല്ലൂർ ദർശനം കഴിഞ്ഞെത്തി; ഗുഡ്‌ബൈ സന്ദേശം സ്റ്റാറ്റസാക്കി; അയൽക്കാരായ യുവാക്കൾ ഒരേസമയം തൂങ്ങിമരിച്ച നിലയിൽ

അതേസമയം, പുസ്തകത്തിലെ പിഴവുകളുള്ള ഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ജെയ്പീ ബ്രദേർസ് പബ്ലിഷർക്ക് കത്തയച്ചിട്ടുണ്ട്.

Exit mobile version