അസം: വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകനെതിരെ പൊട്ടിത്തെറിച്ച് അഖിലേന്ത്യാ ഐക്യ ജനാധിപത്യ മുന്നണി(എഐയുഡിഎഫ്) തലവനും എം പിയുമായ മൗലാന ബദ്റുദ്ദീന്‍ അജ്മല്‍. സൗത്ത് സാല്‍മര ജില്ലയിലാണ് സംഭവം. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയികളെ ആദരിക്കുന്ന ചടങ്ങിനിടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐയുഡിഎഫ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന് പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ഈ ചോദ്യം കേട്ട എംപി രോഷാകുലനായി.
തുടര്‍ന്ന് ‘ഇത് എന്നെ മാത്രം ഉദ്ദേശിച്ച് കൊണ്ടുള്ള ചോദ്യമാണ്. നിനക്ക് ബിജെപിയില്‍ നിന്ന് എത്ര രൂപ കിട്ടി? അവിടെ നിന്റെ അച്ഛനെ വില്‍ക്കാന്‍ വെച്ചിട്ടുണ്ടാകും. ഇവിടെ നിന്നിറങ്ങി അങ്ങോട്ട് പോയ്‌ക്കോ നായേ. ഇല്ലെങ്കില്‍ നിന്റെ തല ഞാന്‍ അടിച്ച് പൊട്ടിക്കും. നി ചെന്ന് എനിക്കെതിരെ കേസ് കൊടുക്ക്. എനിക്ക് വേണ്ടി പേരാടാന്‍ ആയിരക്കണക്കിന് പേരുണ്ട്’എന്ന് ദേഷ്യത്തോടെ എംപി പറഞ്ഞു.
കൂടാതെ പണം കൈനീട്ടി വാങ്ങി നിങ്ങള്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്നും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും നിങ്ങള്‍ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും എംപി കൂട്ടിച്ചേര്‍ത്തു. എംപിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ പരാതിപ്പെട്ടിട്ടുണ്ട്.
മാത്രമല്ല മാധ്യമപ്രവര്‍ത്തകനെ ഉപദ്രവിക്കാന്‍ എം പി ശ്രമിച്ചെങ്കിലും ചുറ്റുമുള്ള അനുയായികള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.