ബംഗളൂരു: മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന ഉത്തരവുമായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ്. കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങള്‍ അബോധാവസ്ഥയിലായിരിക്കണമെന്നാണ് സര്‍ക്കുലര്‍. ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയതോടെയാണ് പുതിയ ഉത്തരവ്.
ഹലാല്‍ പ്രതിഷേധങ്ങളെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളിയും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളുടെ ഹലാല്‍ നിരോധനം ആവശ്യം ന്യായമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇതിനിടെ കര്‍ണാടകയിലെ കശാപ്പ്ശാലകളിലെ സൗകര്യങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കുകയാണ്.
ഹലാലിന്റെ പേരില്‍ കര്‍ണാടകയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ ശിവമോഗയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദള് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഹലാല്‍ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും മര്‍ദ്ദനമേറ്റു.
കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദള് പ്രവര്‍ത്തക ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള് പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. അന്യായമെന്നും അംഗീകരിക്കാനാകില്ലെന്നും മുസ്ലീം സംഘടനകള്‍ പ്രതികരിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും നിലപാട് തിരുത്തണമെന്നും ചൂണ്ടികാട്ടി എസ്ഡിപിഐ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. രാജ്യം ചര്‍ച്ച ചെയ്ത ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post