ന്യൂഡല്‍ഹി: ഈയടുത്തകാലത്തായി എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തുപോയ കക്ഷികള്‍ ബിജെപിക്ക് തലവേദന ഉണ്ടാക്കുന്നുണ്ടെങ്കിലും പുതിയ ചില കക്ഷികളെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ വെളിപ്പെടുത്തല്‍. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ചില പദ്ധതികളുണ്ട്. സഖ്യകക്ഷി രാഷ്ട്രീയം നീക്കുപോക്കിന്റെയും ഒത്തുതീര്‍പ്പിന്റെയും രാഷ്ട്രീയമാണ്. ആര്‍എല്‍എസ്പി പോലുള്ള കക്ഷികള്‍ ബിഹാറില്‍ എന്‍ഡിഎ വിട്ടുപോയി എന്നത് വാസ്തവമാണ്. എന്നാല്‍ പുതിയ ചില സഖ്യകക്ഷികളെ കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും കിട്ടിയിട്ടുണ്ട്. ബിഹാറില്‍ സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കിയെന്നും രാം മാധവ് പറഞ്ഞു.
അതേസമയം, എന്‍ഡിഎയുടെ കൂടെ ചേരുന്നത് ഏതൊക്കെ കക്ഷികളെന്ന് വ്യക്തമാക്കിയില്ലെങ്കിലും തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ എന്‍ഡിഎയുടെ ഭാഗമാകാനാണ് സാധ്യത. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രജനീകാന്തിനേയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് കോണ്‍ഗ്രസിനോടും ബിജെപിയോടും തുല്യ അകലം പാലിച്ചാണ് നില്‍ക്കുന്നതെങ്കിലും ബിജെപിക്ക് വിഷയാധിഷ്ഠിത പിന്തുണ നല്‍കിയിരുന്നു.
എന്നാല്‍, ചന്ദ്രബാബു നായ്ഡുവിന്റെ ടിഡിപിയും, ജമ്മു കശ്മീരില്‍ പിഡിപിയും ബിഹാറില്‍ ആര്‍എല്‍എസ്പിയും മാസങ്ങള്‍ക്കുള്ളിലാണ് എന്‍ഡിഎ വിട്ടുപോയത്.