ബെംഗളൂരു: ഹിജാബ് ധരിച്ച വിദ്യാത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിന് അധ്യാപകരെ സസ്പെൻഡ് ചെയ്ത് കർണാടക. കർണ്ണാടകയിലെ ഗദാഗ് ജില്ലയിലാണ് സംഭവം. ഏഴ് അധ്യാപകരെയാണ് സസ്പെൻഡ് ചെയ്ത്.
എസ്എസ്എൽസി പരീക്ഷയെഴുതാനാണ് വിദ്യാർത്ഥികളെത്തിയത്.
സിഎസ് പാട്ടീൽ ഗേൾസ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകർക്കെതിരെയാണ് സ്കൂൾ അധികൃതരുടെ നടപടി. കൂടാതെ രണ്ട് സൂപ്രണ്ടുമാരെയും സസ്‌പെൻഡ് ചെയ്തു.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജി മാർച്ച് 15നാണ് കർണാടക ഹൈക്കോടതി തള്ളിയത്.
യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. 11 ദിവസമാണ് കേസിൽ കോടതി വാദം കേട്ടത്.
കോടതി വിധി പ്രകാരം ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ നിരവധി മുസ്‌ലിം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നില്ലെന്നാണ് റിപ്പോർട്ട്. ചില സ്കൂളുകളിൽ ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ അത് അഴിപ്പിച്ച് വെച്ച ശേഷം പരീക്ഷയ്ക്ക് ഇരുത്തുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. എന്നാൽ ചില സ്വകാര്യ സ്കൂളുകളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പരീക്ഷയെഴുതുവാനും അനുവദിക്കുന്നുണ്ട്.
കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പരീക്ഷകൾ പരിഗണിച്ച് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.