ബംഗളുരു: മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര ഉത്സവ പരിസരത്തുനിന്ന് വിലക്കണമെന്ന ആഹ്വാനത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി നേതാവ് രംഗത്ത്. നിയമസഭാംഗം കൂടിയായ എ എച്ച് വിശ്വനാഥ് ആണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് മതങ്ങൾ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല’ വിശ്വനാഥ് മൈസൂരിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിൽ എത്ര ഇന്ത്യക്കാരുണ്ട്, മുസ്ലീം രാജ്യങ്ങളിൽ എത്ര ഇന്ത്യക്കാർ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങൾ നമ്മെ ഒഴിവാക്കാൻ തീരുമാനിച്ചാൽ എന്താകും സ്ഥിതിയെന്നും വിശ്വനാഥ് തുറന്നടിച്ച് ചോദിച്ചു.
ഇന്ത്യ-പാകിസ്താൻ വിഭജനം നടന്നപ്പോൾ വളരെയധികം മുസ്ലീങ്ങൾ ഇന്ത്യ തെരഞ്ഞെടുത്തു. അവർ ജിന്നയുടെ കൂടെ പോയില്ല. അവർ ഇന്ത്യക്കാരായി ഇവിടെ തുടർന്നു. അവർ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല. എന്തടിസ്ഥാനത്തിലാണ് മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്’- വിശ്വനാഥ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും വിശ്വനാഥ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Discussion about this post