ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്ക് നോട്ടീസ് അയച്ച് ഡിഎംകെ. 24 മണിക്കൂറിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു.
മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും വിദേശ നിക്ഷേപം നടത്താനാണ് സ്റ്റാലിന് ദുബായ്ക്ക് പോയത് എന്ന തരത്തിലാണ് ബിജെപി അധ്യക്ഷന്‍ വിവാദ പ്രസ്താവന നടത്തിയത്.
അതേസമയം പാരമ്പര്യേതര ഊര്‍ജ മേഖലയിലടക്കം തമിഴ്നാട്ടിലേക്കു നിക്ഷേപകരെ വരവേറ്റ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. നിക്ഷേപ സൗഹൃദ സാഹചര്യമൊരുക്കി സംരംഭകര്‍ക്ക് മികച്ച അവസരങ്ങളൊരുക്കും. കൃഷി, ഭക്ഷ്യസംസ്കരണം, ടെക്സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളിലും സംസ്ഥാനത്ത് വന്‍ സാധ്യതകളുണ്ടെന്നു നിക്ഷേപക സമ്മേളനത്തില്‍ വ്യക്തമാക്കി.
എക്സ്പോയില്‍ തമിഴ്നാട് പവിലിയന് വെള്ളിയാഴ്ചയാണ് സ്റ്റാലിന് ഉദ്ഘാടനം ചെയ്തത്. യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, പ്രമുഖ വ്യവസായി എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്നാട്ടിലെ പരമ്പരാഗത കലാപരിപാടികളും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യ വിദേശ സന്ദര്‍ശനം നടത്തുന്ന സ്റ്റാലിന് 29 വരെയുണ്ടാകും.
അതേസമയം, സ്റ്റാലിനോടും തമിഴ്നാടിനോടുമുള്ള ആദരസൂചകമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയില്‍ തമിഴക സാംസ്കാരിക തനിമകള്‍ തെളിഞ്ഞു. ദ്രാവിഡ സംസ്കാരത്തിന്റെ സമ്പന്ന ചരിത്രവും സംഭാവനകളും വിവരിക്കുന്ന ദൃശ്യവിരുന്നാണ് ഒരുക്കിയത്.
Discussion about this post