ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍ യാഥാര്‍ഥ്യമായി. സൂറത്തില്‍ ഹസീറ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. വിവിധ പ്ലാന്റുകളിലെ ഉപയോഗശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മാണം.
ഒരു കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് പൂര്‍ണമായും സംസ്‌കരിച്ച ഉരുക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. നീതി ആയോഗിന്റെയും സ്റ്റീല്‍ ആന്‍ഡ് പോളിസി കമ്മിഷന്റെയും സഹായത്തോടെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും(സിഎസ്‌ഐആര്‍), കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സിആര്‍ആര്‍ഐ) ചേര്‍ന്നാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
#Steelslag road built with 100 % processed steel slag aggregates in all layers of bituminous roads at Hazira, Surat in collaboration of @CSIRCRRI & @AMNSIndia under the R&D study sponsored by @SteelMinIndia. @NITIAayog @TATASTEEL @jswsteel @RinlVsp @NHAI_Official@CSIR_IND pic.twitter.com/dNHxxdnAZA
— CSIR CRRI (@CSIRCRRI) March 22, 2022
ആറ് വരി പാതയാണ് റോഡ്. മഴക്കാലത്ത് റോഡ് തകരുമെന്ന പേടി വേണ്ടെന്നാണ് സിഎസ്‌ഐആര്‍ അവകാശപ്പെടുന്നത്. ഈ റോഡ് നേരത്തേ ടണ്‍ കണക്കിന് ഭാരം കയറ്റിയുള്ള ട്രക്കുകള്‍ ഓടുന്നതിനാല്‍ മോശം അവസ്ഥയിലായിരുന്നു, എന്നാലിപ്പോള്‍ ഇതിലൂടെ ആയിരക്കണക്കിന് ട്രക്കുകള്‍ ഓടുന്നുണ്ടെന്നും കേടുപാടുകള്‍ ഇല്ലെന്നും സിആര്‍ആര്‍ഐ ശാസ്ത്രജ്ഞന്‍ സതീഷ് പാണ്ഡെ പറഞ്ഞു. ഇത്തരത്തിലുള്ള റോഡുകള്‍ മറ്റ് റോഡുകളേക്കാള്‍ കരുത്തുറ്റതാണെന്നും അതേസമയം നിര്‍മാണച്ചെലവ് മുറ്റള്ളവയേക്കാള്‍ മുപ്പത് ശതമാനം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഉരുക്ക് നിര്‍മാണശാലകളില്‍ പ്രതിവര്‍ഷം 19 ലക്ഷം ടണ്‍ സ്റ്റീല്‍ ബാക്കിയാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇത്തരത്തിലാണെങ്കില്‍ 2030 ആകുമ്പോളേക്കും അമ്പത് മില്യണ്‍ ടണ്ണോളം സ്റ്റീല്‍ പ്രതിവര്‍ഷം ബാക്കിയാകും. ഇങ്ങനെ പാഴാക്കപ്പെടുന്ന വിഭവം ഉപയോഗയോഗ്യമാക്കുന്നതിനൊപ്പം ഈട് നില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് റോഡ് നിര്‍മിച്ചത്. ആദ്യ പദ്ധതി വിജയിച്ചതോടെ ഭാവിയില്‍ ഹൈവേകളുടെ നിര്‍മാണത്തിന് സ്റ്റീല്‍ മാലിന്യങ്ങള്‍ ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.