കഠിന പ്രയത്നവും ജയിക്കാന്‍ ചങ്കുറപ്പുള്ള ഒരു മനസുമുണ്ടെങ്കില്‍ ഏത് കാര്യവും നമുക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാറിലെ നവാഡജയിലില് കഴിയുന്ന വിചാരണ തടവുകാരനായ സൂരജ് കുമാര്‍ യാദവ് .രാജ്യത്തെ ഏറ്റവും അഭിമാനകരവും, പ്രയാസകരവുമായ പരീക്ഷകളിലൊന്നാണ് ഐഐടി ജാം പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയിരിക്കയാണ് സൂരജ്. അഖിലേന്ത്യ തലത്തില്‍ 54 -ാം റാങ്കോടെയാണ് സൂരജ് പരീക്ഷ പാസായിരിക്കുത്.
വര്ഷങ്ങളോളമുള്ള തയ്യാറെടുപ്പും, പരിശീലനവും ആവശ്യമായ ഒന്നാണ് ഇത്. എന്നാല്‍, ജയിലില്‍ ആരുടേയും പരിശീലനമില്ലാതെ, ഒറ്റയ്ക്ക് പഠിച്ച് മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു സൂരജ്.ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ആണ് ഈ പരീക്ഷ നടത്തുന്നത്. 2022 ഫെബ്രുവരി 13 -നാണ് പരീക്ഷ നടന്നത്. ബിഹാറിലെ മോസ്മ ഗ്രാമവാസിയാണ് സൂരജ്. അയല്‍ക്കാരനായ സഞ്ജയ് യാദവിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഇയാള്‍. ജ്യേഷ്ഠന് ബീരേന്ദ്ര യാദവും ഇതേ കേസില്‍ 2021 ഏപ്രില്‍ മുതല്‍ നവാഡയില്‍ തടവിലാണ്.
സൂരജിന്റെ പിതാവ് അര്ജുന് യാദവും സഞ്ജയ്യുടെ പിതാവ് ബസോ യാദവും ഗ്രാമത്തിലെ അഴുക്കുചാലുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021 മാര്‍ച്ചില്‍, അഴുക്ക് ചാലിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ സഞ്ജയ് യാദവ് മരിക്കുകയായിരുന്നു. മരിച്ചയാളുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൂരജ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തു. ഇതിനുശേഷം, 2021 ഏപ്രില്‍ 19 ന് ഇയാളെ അറസ്റ്റുചെയ്ത് ജയിലിലേക്ക് അയച്ചു.
എന്നാല്‍, കേസില്‍ സൂരജിന്റെ പങ്കാളിത്തം ഗ്രാമമേധാവി രേണുദേവി നിഷേധിച്ചു. യുവാവിനെ കേസില്‍ കുടുക്കിയതാണെന്ന് അവര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്, സഞ്ജയുടെ വീട്ടുകാരുടെ പ്രതികാരം ഭയന്ന് സൂരജിന്റെ മാതാപിതാക്കള്‍ ഗ്രാമം ഉപേക്ഷിച്ചു. അവരുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി തരിശായി കിടക്കുകയാണ് ഇപ്പോള്‍.
പ്രാദേശിക മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ, സൂരജ് കുമാര്‍ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അന്നത്തെ നവാഡയിലെ ഡിവിഷണല്‍ ജയില്‍ സൂപ്രണ്ടായ അഭിഷേക് കുമാര്‍ പാണ്ഡെയ്ക്കും മൂത്ത സഹോദരന് വീരേന്ദ്ര യാദവിനും നല്കി. ജയില്‍ എത്തിയതോടെ സൂരജിന് പഠിപ്പ് പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ഒരു ദിവസം ജയിലില്‍ വെച്ച് അന്നത്തെ ജയില്‍ സൂപ്രണ്ട് അഭിഷേക് നടത്തിയ പ്രചോദനാത്മക പ്രസംഗം സൂരജ് കേള്‍ക്കാന്‍ ഇടയായി.ഇതില്‍ ആകൃഷ്ടനായ ഇയാള്‍ സൂപ്രണ്ടിനെ കാണുകയും പഠനം തുടരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പഠിക്കാനുള്ള താല്പര്യം കണ്ട് അഭിഷേക് പാണ്ഡെ ജയിലിനുള്ളില്‍ സൂരജിന് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യമായ പുസ്തകങ്ങളും നോട്ടുകളും എല്ലാം എത്തിച്ചു കൊടുത്തു.
സൂരജ് കുമാര്‍ യാദവിന് പരീക്ഷയെഴുതാന്‍ കോടതി ഒരു മാസത്തെ പരോളും അനുവദിച്ചു. അതേസമയം, ജയിലാകുന്നതിന് മുമ്പ്, പ്രവേശന പരീക്ഷയ്ക്കായി രാജസ്ഥാനിലെ കോട്ടയില്‍ സൂരജ് പരിശീലനം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ വന്നപ്പോള്‍, സ്വന്തം ഗ്രാമമായ മോസ്മയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായി. ഒരു ശാസ്ത്രജ്ഞനാകാനാണ് സൂരജിന്റെ ആഗ്രഹം. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും, താമസിയാതെ തനിക്ക് നീതി ലഭിക്കുമെന്നും സൂരജ് കുമാര്‍ യാദവ് പറഞ്ഞു
Discussion about this post