മുംബൈ : നാല് ദിവസത്തില്‍ മൂന്ന് തവണ ഇന്ധനവില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധന വില വര്‍ധിക്കുന്നത് റഷ്യ- ഉക്രെയ്ന്‍ യുദ്ധം മൂലമാണെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിന് അതിലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഗഡ്കരി പറഞ്ഞു.
എബിപി നെറ്റ്‌വര്‍ക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കവേയായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. “ഇന്ത്യയില്‍ 89 ശതമാനത്തിലധികം പെട്രോളിയം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ വില ഉയര്‍ന്നതിനാല്‍ രാജ്യത്ത് ഇന്ധനവില വര്‍ധനവ് ഏര്‍പ്പെടുത്താതെ നിവൃത്തിയില്ല.” അദ്ദേഹം പറഞ്ഞു.
137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടാന്‍ തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ധനവ് മരവിപ്പിച്ചിരിക്കുകയായിരുന്നു.