ലഖ്നൗ : മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ കൗണ്‍സില്‍ ഉത്തരവിറക്കി. രാവിലെയുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം ഇനിമുതല്‍ ദേശീയ ഗാനവും ആലപിക്കണമെന്നാണ് ഉത്തരവ്.
ദേശീയ ഗാനം നിര്‍ബന്ധമാക്കിയതായി മദ്രസ കൗണ്‍സില്‍ വ്യാഴാഴ്ചയാണ് അറിയിച്ചത്. മറ്റ് സ്കൂളുകളിലേപ്പോലെ ദേശീയ ഗാനം ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സംസ്കാരത്തെയും ചരിത്രത്തെയും പറ്റി കുട്ടികളെ ബോധവാന്മാരാക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ബോര്‍ഡ് ചെയര്മാന് ഇഫ്തിഖാര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് കൗണ്‍സിലിന്റെ ഉത്തരവ്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളില്‍ ദേശീയഗാനമാലപിക്കുന്നതും പതാകയുയര്‍ത്തുന്നതും നിര്‍ബന്ധമാക്കുമെന്ന് 2017ല്‍ മദ്രസ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ യോഗത്തില്‍ മദ്രസകളില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ മദ്രസ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് പാസ് ആവണമെന്നതും നിര്‍ബന്ധമാക്കിയിരുന്നു. മദ്രസകളിലെ അധ്യാപകരുടേത് ആശ്രിത നിയമനം ആണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
Discussion about this post