‘കശ്മീര്‍ ഫയല്‍സിന് നികുതി ഇളവ്’: സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്യൂവെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സിനിമ കശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമയില്‍ തീവ്ര മുസ്ലിം വിരുദ്ധതയാണെന്ന ആരോപണം ശക്തമാണ്.

”സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയോട് സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ പറയൂ. അപ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ”-കെജരിവാള്‍ പറഞ്ഞു.

കശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ നിയമസഭ തടസ്സപ്പെടുത്തിയിരുന്നു. ”കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലയാളുകള്‍ കോടികളാണ് സമ്പാദിച്ചത്. പോസ്റ്ററുകള്‍ ഒട്ടിക്കുന്ന പണിയാണ് നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്”- ബിജെപി അംഗങ്ങളോട് കെജ്രിവാള്‍ പറഞ്ഞു.


ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ സിനിമക്ക് നികുതി ഒഴിവാക്കി നല്‍കിയിരുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്.

Exit mobile version