ലോകതലസ്ഥാനങ്ങളില്‍ ഏറ്റവും മലിനമായ അന്തരീക്ഷ വായു ഡല്‍ഹിയിലേത്

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷ വായുവുള്ള തലസ്ഥാനനഗരം ഡല്‍ഹിയെന്ന് റിപ്പോര്‍ട്ട്. സ്വിസ് കമ്പനിയായ ഐക്യു എയര്‍ നടത്തിയ സര്‍വേയില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ഡല്‍ഹി ഒന്നാമതെത്തുന്നത്.

ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച് ഗവേഷണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ഐക്യു എയര്‍. പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ 2.5 അഥവാ പിഎം 2.5 കണങ്ങളുടെ തോത് ലോകത്തെ 6475 നഗരങ്ങളില്‍ പരിശോധിച്ചാണ് ഐക്യു എയര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതില്‍ 107 തലസ്ഥാന നഗരങ്ങളില്‍ വെച്ച് ഏറ്റവും മലിനമായ അന്തരീക്ഷ വായു ഉള്ളത് ഡല്‍ഹിയിലാണ്. ബംഗ്ലദേശിലെ ധാക്കയാണ് ലിസ്റ്റില്‍ രണ്ടാമത്. എന്‍ജമീമ (ഛാഡ്), ഡുഷാന്‍ബെ (തജിക്കിസ്താന്‍), മസ്‌കത്ത്(ഒമാന്‍) എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.

റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ പതിനഞ്ച് നഗരങ്ങളില്‍ പതിനൊന്നും ഇന്ത്യയിലാണ്. ഇത് കൂടാതെ ഏറ്റവും മലിനമായ അന്തരീക്ഷ വായുവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലും ഇന്ത്യയുണ്ട്. ബംഗ്ലദേശാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

ന്യൂ കലെഡോണിയ, വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പോര്‍ട്ടറീക്കോ തുടങ്ങിയവയാണ് ലോകത്ത് ജീവിക്കാന്‍ ഏറ്റവും നിലവാരമുള്ള അന്തരീക്ഷ വായുവുള്ള മേഖലകള്‍. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ജപ്പാനിലുമാക്കെ അന്തരീക്ഷ വായു മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Exit mobile version