ഷില്ലോങ്: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും ഇതിനകം മരണപ്പെട്ടിരിക്കാമെന്ന് ദുരന്തനിവാരണ സേന. ഖനിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് മൃതദേഹത്തില്‍ നിന്നും വരുന്ന ദുര്‍ഗന്ധമാണെന്നാണ് ദുരന്തനിവാരണ സേനയുടെ വിലയിരുത്തലെന്ന് അസിസ്റ്റന്റ് കമാന്‍ഡര്‍ സന്തോഷ് സിങ് പറഞ്ഞു.
കഴിഞ്ഞ 14 ദിവസത്തെ തിരച്ചിലിനിടെ മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ് ദുരന്തനിവാരണ സേനയ്ക്ക് കണ്ടെടുക്കാനായത്. ഇതുവരെ തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ലെന്ന് ദുരന്തസേനാ അംഗങ്ങള്‍ പറഞ്ഞു. ‘എലി മട’ എന്നറിയപ്പെടുന്ന ഇടുങ്ങിയ ടണലിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. ഖനിക്കുള്ളില്‍ എത്ര എലി മടകള്‍ ഉണ്ടെന്ന് അറിയാത്തതും ഇതിന്റെ വലിപ്പം എത്രയെന്ന് മനസിലാക്കാന്‍ കഴിയാത്തതും അതിന്റെ ആഴം അളക്കാന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സിങ് പറഞ്ഞിരുന്നു.
കഴിഞ്ഞ 13 നാണ് കിഴക്കന്‍ മേഘാലയയിലെ ലുംതാരി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടത്. സമീപനദിയില്‍നിന്നുള്ള വെള്ളം ഇരച്ചുകയറിയതോടെ 370 അടി താഴ്ചയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. 20 പേരടങ്ങുന്ന തൊഴിലാളി സംഘത്തില്‍നിന്ന് അഞ്ചുപേര്‍ക്ക് മാത്രമാണ് പുറത്തുകടക്കാനായത്.