അപകടത്തില്‍ പൊള്ളലേറ്റ മുഖം, നെഞ്ചില്‍ പേസ്‌മേക്കര്‍ : അറിയണം ലോക സുന്ദരി റണ്ണര്‍ അപ്പിന്റെ കഥ !

2021 ലോകസുന്ദരി മത്സരത്തിന്റെ വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടിയ ഒരാളാണ് ഫസ്റ്റ് റണ്ണര്‍ അപ്പും ഇന്ത്യന്‍ വംശജയുമായ ആയ ശ്രീ സെയ്‌നി. സാധാരണ ഇത്തരം വാര്‍ത്തകളില്‍ വിജയി അല്ലാതെ ആരും അങ്ങനെ ഇടം പിടിക്കാറില്ലെങ്കിലും ശ്രീ സെയ്‌നിയുടെ വാര്‍ത്തയെഴുതാനെത്തിയവര്‍ അനവധിയായിരുന്നു. കാരണം ശ്രീ സെയ്‌നിയുടെ വിജയം മറ്റുള്ളവരേക്കാള്‍ കുറച്ചധികം പ്രതിസന്ധികളെ പൊരുതി നേടിയതാണ്.

ലുധിയാന സ്വദേശികളാണ് സെയ്‌നിയുടെ മാതാപിതാക്കള്‍. സെയ്‌നിയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത്. തന്റെ പന്ത്രണ്ടാം വയസ്സില്‍ ഹൃദ്രോഗം കണ്ടെത്തി പേസ്‌മേക്കര്‍ ഘടിപ്പിക്കേണ്ടി വന്നതാണ് സെയ്‌നിക്ക്. അതില്‍ പിന്നെ കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെയായിരുന്നു സെയ്‌നിയുടെ ജീവിതം.

ഇതിന് ശേഷം സെയ്‌നിക്ക് നേരിടേണ്ടി വന്നത് വലിയ ഒരു വാഹനാപകടമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്‌നിയുടെ മുഖത്ത് കാറിലെ അഗ്നിബാധയില്‍ നിന്ന് പൊള്ളലേറ്റു. പൊള്ളലേറ്റതിന്റെ വേദനയില്‍ കരയാന്‍ പോലുമാവുമായിരുന്നില്ല സെയ്‌നിക്ക്. കണ്ണുനീര്‍ പരിക്കുകളില്‍ വീണ്ടും വേദനയുണ്ടാക്കും എന്നതിനാല്‍ ഉള്ളില്‍ മാത്രം കരഞ്ഞുകൊണ്ടായിരുന്നു ആ കാലം സെയ്‌നി തള്ളിനീക്കിയത്. ആ സമയമൊക്കെയും സ്വന്തമായി പോലും തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു തന്റെ മുഖമെന്ന് സെയ്‌നി ഓര്‍മിക്കുന്നു.

തന്നെ പോലെ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ക്ക് പ്രചോദനമാകാന്‍ സാധിച്ചാല്‍ അതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നാണ് സെയ്‌നി പറയുന്നത്. അത് കൊണ്ട് കൂടി തന്നെയാണ് എല്ലാവരും കൊതിക്കുന്ന ഒരു സ്ഥാനം സകല പ്രതിസന്ധികളും തരണം ചെയ്തുകൊണ്ട് സെയ്‌നി കരസ്ഥമാക്കിയത്.

ലോകസുന്ദരി മത്സരത്തില്‍ അമേരിക്കയെ പ്രതിനിധീകരിച്ചാണ് സെയ്‌നി മത്സരിച്ചത്. മിസ് വേള്‍ഡ് അമേരിക്ക ടൈറ്റില്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ശ്രീ സെയ്‌നി. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ യുവാനിലുള്ള കൊക്ക കോള മ്യൂസിക് ഹാളിലായിരുന്നു മത്സരം. പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌കയാണ് ലോക സുന്ദരി.

Exit mobile version