ന്യൂഡൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മാർച്ച് 21 തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്ന് മണിക്ക് മൃതദേഹം ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുക. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇക്കാര്യം അറിയിച്ചത്.
കണ്ണീരോടെയുള്ള കുടുംബത്തിന്റെ 21 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ചേതനയറ്റ നവീനിന്റെ ശരീരം എത്തുന്നത്. ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും. നേരത്തെ ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ട്വീറ്റ് ചെയ്തിരുന്നത്.
പിന്നീട് തിരുത്തിയ അദ്ദേഹം തിങ്കളാഴ്ചയാകുമെത്തിക്കുകയെന്ന് അറിയിച്ചു. ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം ബിബിഎസ് വിദ്യാർത്ഥിയായ നവീൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്.
ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠിക്കാൻ അയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല.
മറ്റ് കോളേജുകളില്‍ എംബിബിഎസ് പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്രൈനിലേക്ക് പോയത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ പോരായ്മയുടെ ഇരയാണ് മകനെന്നും നവീന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
Discussion about this post