ബംഗളൂരു: കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിജാബില്ലാതെ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍
ക്ലാസുകളിലെത്തി. അതേസമയം ഹിജാബില്ലാതെ ക്ലാസില്‍ വരാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളുകളില്‍ വരാതെയുമിരുന്നു.
കോടതി വിധിയെ അംഗീകരിച്ച്, പഠനം ഉപേക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കി കോളേജിലെത്തിയ സന കൗസര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഉഡുപ്പി ഗവ എംജിഎം കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സന.
”എനിക്ക് മറ്റ് വഴികളില്ല, എനിക്ക് എന്റെ വിദ്യാഭ്യാസം വേണം, ഹിജാബ് അഴിക്കാതെ ക്ലാസില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നതിനാലാണ് ഹിജാബ് മാറ്റിയത്. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ അവസാന ബെഞ്ചിലാണ് ഇരുന്നത്. ഇപ്പോള്‍ കുഴപ്പമില്ല. ” സന എന്‍ഡിടിവിയോട് പറഞ്ഞു.
നേരത്തെ ഹിജാബ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ സമയത്തും ഹിജാബില്ലാതെ സന ക്ലാസില്‍ വന്നിരുന്നു. അന്ന് ഹിജാബില്ലാതെ വന്നപ്പോഴുള്ള സഹപാഠികളുടെ പ്രതികരണത്തെക്കുറിച്ചും സന പറഞ്ഞു. ”നിന്നെ കാണാന്‍ ഇപ്പോള്‍ നന്നായിട്ടുണ്ട്. ഞങ്ങളിലൊരാളായി എന്നാണ് എന്റെ സഹപാഠി പറഞ്ഞത്. ഞാനതിനോട് പ്രതികരിച്ചില്ല. പക്ഷെ രണ്ട് ദിവസത്തിന് ശേഷം ഞാന്‍ സ്ഥലം മാറിയിരുന്നു,” സന ചിരിച്ചു കൊണ്ട് പറഞ്ഞു
ക്ലാസ് റൂമുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിധി അനുസരിച്ച് കൊണ്ട് തുറന്നു പ്രവര്‍ത്തിച്ചത്. ഹിജാബ് ധരിക്കാതെ ചില മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ക്ലാസുകളിലെത്തിയപ്പോള്‍ ചിലര്‍ ക്ലാസുകളില്‍ ഹാജരായില്ല. ഹിജാബ് ധരിക്കാതെ ക്ലാസിലേക്കില്ലെന്നാണ് ഈ വിദ്യാര്‍ത്ഥികളുടെ നിലപാട്.
അതേസമയം, കര്‍ണാടക ഹൈക്കോടതിയില്‍ ഹിജാബ് വിലക്കിനെതിരെ ഹര്‍ജി നല്‍കിയ ആറ് വിദ്യാര്‍ത്ഥിനികളും ഉഡുപ്പി ഗവ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയില്ല.