വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നേതാക്കളെ ചുമതലപ്പെടുത്തി അമിത് ഷാ. ഗുജറാത്ത് കലാപ സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാഫിയയ്ക്കാണ് ഉത്തര്‍പ്രദേശിന്റെ ചുമതല. മുന്‍ മോഡി വിമര്‍ശകനായിരുന്ന സദാഫിയ ബിജെപി വിട്ട് പിന്നീട് തിരിച്ചെത്തിയ നേതാവാണ്.
ആയിരകണക്കിന് മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതില്‍ ഇടപെടാത്തതില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന നേതാവാണ് സദാഫിയ. പിന്നീട് മോഡി മന്ത്രിസഭയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്ന് മോഡിയുടെ കടുത്ത വിമര്‍ശകനായി മാറി. ബിജെപിക്കെതിരെ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് കേശുഭായ് പട്ടേലിനൊപ്പം ചേര്‍ന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ തിരിച്ചെത്തി. ഹര്‍ദ്ദിക് പട്ടേലിനെ ബിജെപിക്കെതിരായി വളര്‍ത്തി കൊണ്ടുവന്നതിന്റെ പിന്നീല് സദാഫിയയാണെന്ന് സൂചനകളുണ്ടായിരുന്നു.
ഏറെ നിര്‍ണായകമായ ഉത്തര്‍പ്രദേശിന്റെ ചുമതല ഗുജറാത്ത് കലാപകാലത്തെ ആഭ്യന്തര മന്ത്രിക്ക് നല്‍കുന്നതിലൂടെ തീവ്ര ഹിന്ദുത്വത്തില്‍ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യക്തം. രാമക്ഷേത്രവും അയോധ്യയുമായിരിക്കും ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തുറുപ്പുചീട്ട്. 80 ലോക്സഭാ സീറ്റുകളുളള യുപി എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.
സദാഫിയക്കൊപ്പം പാര്‍ട്ടി വൈസ് പ്രസിഡന്റ് ദുഷ്യന്ത് ഗൗതം, മഹാരാഷ്ട്രയിലെ ബിജെപി നേതാവ് നരോത്തം മിശ്രക്കും യുപിയിലെ പ്രചാരണ ചുമതലയുണ്ട്. ദളിത് മോര്‍ച്ച നേതാവായ ദുഷ്യന്ത് ഗൗതത്തിലൂടെ ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം. ഒപ്പം എസ്പി ബിഎസ്പി സഖ്യത്തെ നേരിടുകയും. ബിഎസ്പി നേതാവ് മായാവതിയുടെ അതേ സമുദായക്കാരനാണ് ഗൗതം.
2017 അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ഓം മാഥുറിനാണ് ഇത്തവണ ഗുജറാത്തിന്റെ ചുമതല. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെയാണ് രാജസ്ഥാനിലെ പ്രചാരണത്തിന്റെ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ടിന് ഉത്തരാഖണ്ഡിന്റെ ചുമതലയാണുള്ളത്. കേരളത്തില്‍ നിന്നുള്ള എം.പി വി മുരളീധരനാണ് ആന്ധ്രപ്രദേശിന്റെ ചുമതല. ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അനില്‍ ജയിന് എന്നിവര്‍ യഥാക്രമം ബീഹാര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
Discussion about this post