ബംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ളവർക്ക് അത് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാമെന്ന വിദ്വേഷ പ്രതികരണവുമായി ബിജെപി നേതാവും കോളേജ് ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാൽ സുവർണ. ജഡ്ജിമാർ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ അവരെ കുറ്റപ്പെടുത്തുന്നതിലും ജുഡീഷ്യറിയെയും സർക്കാരിനെയും ബന്ധിപ്പിക്കുന്നതിലും വലിയ അർത്ഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഭരണഘടനയെ മാനിക്കുന്നില്ലെങ്കിൽ, ഹിജാബ് ധരിക്കാനും അവരുടെ മതം അനുഷ്ഠിക്കാനും അനുവാദമുള്ളിടത്ത് അവർക്ക് പോകാമെന്നാണ് യശ്പാൽ സുവർണയുടെ പ്രതികരണം.
കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്നും ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ ഒരു സംഘം വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്.
അതേസമയം, കോടതി വിധിക്ക് എതിരായി പ്രതിഷേധമുണ്ടാകുമെന്ന നിഗമനത്തിൽ കർണാടകയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗളൂരു, കലബുർഗി, ഹാസ്സൻ, ദാവൻകരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരിക്കുകയാണ്.
Discussion about this post