ന്യൂയോര്‍ക്ക് : മാര്‍ച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. പാകിസ്താന്‍ അംബാസഡര്‍ മുനീര്‍ അക്രം അവതരിപ്പിച്ച പ്രമേയം യുഎന്‍ ഏകകണ്‌ഠേന അംഗീകരിച്ചപ്പോള്‍ ഇന്ത്യയും ഫ്രാന്‍സും ഉള്‍പ്പടെയുള്ള ഏതാനും ചില രാജ്യങ്ങള്‍ ആശങ്കകളും പ്രകടിപ്പിച്ചു.
ഒരു മതത്തിനെതിരെയുള്ള അക്രമണങ്ങളെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്നും സിഖ്-ഹിന്ദു-ബുദ്ധ മതങ്ങള്‍ക്കെതിരെ ലോകമെമ്പാടും അക്രമണമുണ്ടാകുന്നുണ്ടെന്നും എല്ലാ മതങ്ങള്‍ക്കുമെതിരായുള്ള വിദ്വേഷത്തെ എതിര്‍ത്ത് പൊതുദിനാചരണമാണ് വേണ്ടതെന്നുമാണ് ഇന്ത്യ അറിയിച്ചത്.
“ഒരു മതവിഭാഗത്തോട് മാത്രമുള്ള വിദ്വേഷം എടുത്ത് കാട്ടുന്നത് മറ്റ് മതങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറച്ച് കാണുന്നതിന് കാരണമാകും. അന്താരാഷ്ട്ര തലത്തില്‍ ഒരു മതത്തിനെതിരെ മാത്രമുള്ള വിദ്വേഷ വിരുദ്ധ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.” യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. തിരുമൂര്‍ത്തിക്ക് ശേഷം സംസാരിച്ച ഫ്രാന്‍സിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അംബാസഡര്‍മാര്‍ സമാന ആശയമാണ് പങ്ക് വച്ചത്.
2019ല്‍ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മസ്ജിദുകളില്‍ ഭീകരാക്രമണം നടന്ന ദിനമാണ് മാര്‍ച്ച് 15. ലോകത്തിന്റെ പല ഭാഗത്തും മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ഇസ്ലാം മതത്തിന്റെ പേരിലുള്ള അവകാശ ലംഘനങ്ങളും അടിച്ചമര്‍ത്തലുകളും ലോകമെങ്ങും പടരുകയാണെന്നും പ്രമേയമവതരിപ്പിച്ചുകൊണ്ട് പാക് അംബാസഡര്‍ പറഞ്ഞു.