മരിയ ഷറപ്പോവയ്ക്കും മൈക്കല്‍ ഷൂമാക്കറിനുമെതിരെ ഹരിയാനയില്‍ കേസ്

ഗുരുഗ്രാം : ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്കും കാര്‍ റേസിങ് താരം മൈക്കല്‍ ഷൂമാക്കറിനുമെതിരെ ഹരിയാനയില്‍ വഞ്ചനാ കേസ്. ഡല്‍ഹി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഡല്‍ഹിയിലെ ഛത്തര്‍പൂര്‍ മിനി ഫാമില്‍ താമസിക്കുന്ന ഷഫാലി അഗര്‍വാള്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്. ഷറപ്പോവയുടെ പേരിലുള്ള ഒരു പ്രോജക്ട് വഴി താന്‍ അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തിരുന്നുവെന്നും 2016ല്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നാളിത് വരെയും ഒരു നീക്കുപോക്കും കാര്യത്തിലുണ്ടായിട്ടില്ല എന്നുമാണ് പരാതി. അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ പലരും ഇത്തരത്തില്‍ പല പ്രോജക്ടുകളുടെയും ഭാഗമായി ആളുകളെ പറ്റിക്കുന്നുണ്ടെന്നും യുവതി ആരോപിക്കുന്നു.

നേരത്തേ റിയല്‍ടെക്ക് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്,ഷറപ്പോവ, ഷൂമാക്കര്‍ തുടങ്ങിയവര്‍ക്കെതിരെ ഷഫാലി ഗുരുഗ്രാം കോടതിയില്‍ പരാതി നല്‍കിയിരുന്നു. അപാര്‍ട്ട്‌മെന്റ് നല്‍കാമെന്ന വ്യാജേന തന്റെ പക്കല്‍ നിന്ന് 80ലക്ഷം രൂപ തട്ടി എന്നായിരുന്നു പരാതി.

പരസ്യങ്ങളിലൂടെയാണ് പ്രോജക്ടിനെക്കുറിച്ചറിഞ്ഞതെന്നും ഷറപ്പോവ സ്ഥലം സന്ദര്‍ശിച്ച് ഇവിടെ ടെന്നീസ് അക്കാഡമിയും സ്‌പോര്‍ട്ട്‌സ് സ്‌റ്റോറും തുടങ്ങുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷഫാലി പറഞ്ഞു. “ഷറപ്പോവ ഈ പദ്ധതിയെ നേരിട്ട് പ്രമോട്ട് ചെയ്യുന്നതായി ബ്രോഷറില്‍ പറഞ്ഞിരുന്നു. അവര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും പ്രോജക്ടിന് വേണ്ടി അപാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കുകയും ചെയ്തു. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റ് മാത്രം പൂര്‍ത്തിയായില്ല.” അവര്‍ അറിയിച്ചു.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ക്രിമിനല്‍ വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷറപ്പോവയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version