ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡോ. കഫീല്‍ഖാനെ സ്ഥാനാര്‍ത്ഥിയാക്കി സമാജ്വാദി പാര്‍ട്ടി. ദെവാരിയ-കുശിനകര്‍ സീറ്റില്‍ നിന്നാണ് കഫീല്‍ഖാന്‍ മത്സരിക്കുക.
2016ല്‍ എസ്പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണിത്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 36 സീറ്റുകളിലേക്ക് ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം-ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി-അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു. ഖാന്റെ സ്ഥാനാര്‍ത്ഥിത്വം എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.
2017 ആഗസ്തില്‍ ഖൊരക്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തിലാണ് കഫീല്‍ ഖാന്‍ രാജ്യശ്രദ്ധയാകര്‍ഷിക്കുന്നത്. വിഷയത്തില്‍ ഖാനെ വേട്ടയാടിയ സര്‍ക്കാര്‍ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് കഫീല്‍ഖാന്‍. ഇദ്ദേഹത്തെ നിയമനിര്‍മാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
2017 ആഗസ്തിലാണ് ഓക്‌സിജന്‍ ലഭിക്കാതെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 63 കുട്ടികള്‍ മരിച്ചത്. വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഓക്‌സിജന്‍ ക്ഷാമം. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള 5 അംഗസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഗുരുതര വീഴ്ച്ച വരുത്തിയ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രീജീവ് മിശ്ര, അനസ്തീഷ്യ വിഭാഗം തലവന്‍ ഡോക്ടര്‍ സതീഷ്. ശിശുരോഗ വിഭാഗം തലവന്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍, ഓക്‌സിജന്‍ വിതരണക്കാരായ പുഷ്പ സെയില്‍സ് എന്നിവരടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ച ഡോക്ടര്‍ കഫീല്‍ ഖാനെതിരെ വേറെയും കേസെടുക്കണമെന്നും നിര്‍ദേശിച്ചു. ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസറും രാജീവ് മിശ്രയുടെ ഭാര്യയുമായ പൂര്‍ണിമ ശുക്ലയ്‌ക്കെതിരേയും ക്രിമിനല്‍ കേസെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയും ചെയ്തു. റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ച സര്‍ക്കാര്‍ മരണകാരണം സംബന്ധിച്ച കണ്ടെത്തല്‍ പുറത്തുവിട്ടിട്ടില്ല. ഈ കേസിന്റെ തുടര്‍ച്ചയായാണ് കഫീല്‍ ഖാനെ പിരിച്ചുവിട്ടത്. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ശേഷവും ഡോ കഫീല്‍ ഖാന്‍ കേസില്‍പ്പെട്ടിരുന്നു.
70 കുഞ്ഞുങ്ങള്‍ ‘ദുരൂഹ പനി’ ബാധിച്ച് മരണപ്പെട്ട ബഹ്റായിച്ച് ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് ഉത്തര്‍പ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസത്തിനുള്ളില്‍ 70 കുഞ്ഞുങ്ങള്‍ മരണപ്പെട്ടത് മൂലം ബഹ്റായിച്ച് ആശുപത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുടെ മാതാ പിതാക്കളോട് സംസാരിച്ച ശേഷം ‘ദുരൂഹ പനി’ മൂലമാണ് കുട്ടികള്‍ മരണപ്പെട്ടതെന്ന ഡോക്ടര്‍മാരുടെ വാദം കഫീല്‍ ഖാനും അദ്ദേഹത്തിന്റെ കൂടെ വന്നവരും തള്ളിക്കളഞ്ഞിരുന്നു.
മസ്തിഷ്‌ക വീക്കത്തിന്റേതിന് തുല്യമായ രോഗ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളില്‍ കണ്ടതെന്നും ഡോക്ടര്‍ കഫീല്‍ ഖാന്‍ പറഞ്ഞു. എന്നാല്‍, സംഭവത്തെ കുറിച്ച് അറിഞ്ഞ പൊലീസ് ഉടനെ സ്ഥലത്തെത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സിംബൗളി ഷുഗര്‍ മില്‍ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയും ചെയ്തിരുന്നു.