സഹോദരിയുടെ വിവാവഹത്തിൽ പങ്കെടുക്കണം കുഞ്ഞുങ്ങളെ മടിയിലിരുത്തി പേര് ചൊല്ലണമെന്നൊക്കെ ആഗ്രഹിച്ചിരുന്ന സഹോദരനെ അകാലത്തിൽ നഷ്ടപ്പെട്ടപ്പോൾ ഈ സഹോദരിക്കും താങ്ങാനായില്ല. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾക്ക് സാക്ഷിയാകാൻ സഹോദരൻ കൂടെ വേണമെന്ന ആഗ്രഹം സഹോദരിയെ എത്തിച്ചത് വിചിത്രമായ മാർഗത്തിൽ. മരിച്ചുപോയ സഹോദരന്റെ ജീവനുറ്റ പ്രതിമയുണ്ടാക്കി വീട്ടിലെത്തിച്ചിരിക്കുകയാണ് ദിണ്ടിഗൽ ഒട്ടൻഛത്രം വിനോബാ നഗർ സ്വദേശിയായ യുവതി. സഹോദരൻ പാണ്ടിദുരെയുടെ അതേ വലിപ്പത്തിലും രൂപത്തിലുമാണ് ജീവൻ തുളുമ്പുന്ന പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്.
പാണ്ടിദുരൈയുടെ മൂത്തസഹോദരി പ്രിയദർശിനിയാണ് സഹോദന്റെ ആഗ്രഹങ്ങൾ സഫലമാക്കാനായി പ്രതിമ നിർമ്മാണത്തിന് മുൻകൈയ്യെടുത്തത്. രണ്ടുവർഷം മുൻപുണ്ടായ വാഹനാപകടത്തിലാണ് പാണ്ടിദുരൈ മരിക്കുന്നത്. ഇതോടെ കുടുംബം കടുത്ത ആഘാതത്തിലായി. പിന്നീട് കുടുംബം വിഷമത്തിൽ നിന്നും കപതിയെ കരകയറുകയും പ്രിയദർശിനിയുടെ വിവാഹം നടത്തുകയും ചെയ്തു.
വിവാഹത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞതോടെ പുതിയ അതിഥിയെത്തുന്നതിന്റെ സന്തോഷവാർത്തയും പ്രിയദർശിനിയുടെ കുടുംബത്തെ തേടിയെത്തി. എന്നാൽ പാണ്ടിദുരൈയുടെ അസാന്നിധ്യം പ്രിയദർശിനിയെ ദുഃഖാർത്തയാക്കി.
കുഞ്ഞ് ജനിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാതുകുത്തൽ ദിനവുമെത്തി. മുറപ്രകാരം അമ്മാവന്റെ മടിയിലിരുത്തിയാണ് കുഞ്ഞിന് കാതുകുത്തേണ്ടത്. പക്ഷേ സഹോദരന്റെ ഏറ്റവും വലിയ സ്വപ്നം അവനില്ലാതെ എങ്ങനെ നടത്തുമെന്ന വിഷമത്തിലായിരുന്നു കുടുംബം. ഒടുവിൽ പ്രിയദർശിനിയാണ് തന്റെ ആഗ്രഹം അറിയിച്ചത്. പാണ്ടിദുരൈയുടെ പൂർണകായ പ്രതിമയുണ്ടാക്കാമെന്ന്.
മരണസമയത്ത് 21 വയസുണ്ടായിരുന്ന പാണ്ടിദുരൈയുടെ പ്രതിമയുണ്ടാക്കാനായി ഫോട്ടോകളുമായി നിരവധി പേരെ സമീപിച്ചു. ഒടുവിൽ ബംഗളുരുവിലെ ശിൽപിയാണ് കുടുംബത്തിന്റെ ആവശ്യം യാഥാർത്യമാക്കിയത്. കസേരയിൽ ഇരിക്കുന്ന രീതിയിലുള്ള പാണ്ടിദുരൈയുടെ മെഴുക് പ്രതിമയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് ചെലവായത്. കാതുകുത്ത് ചടങ്ങിന് അമ്മാവൻമാർ അണിയുന്നതു പോലെയുള്ള കസവ് മുണ്ടും വെള്ള കുപ്പായവും അണിയിച്ച് ഷർട്ടിൽ ഒരു കൂളിങ് ഗ്ലാസും തൂക്കി സ്റ്റൈലിലാണ് പാണ്ടുദുരൈയുടെ പ്രതിമ അണിയിച്ചൊരുക്കിയത്.
മരുമകന്റെ കാതുകുത്തൽ ചടങ്ങ് ആരംഭിച്ചത് കുതിരയെ കെട്ടിയ രഥത്തിൽ പ്രതിമയെ ആഘോഷമായി വേദിയിലേക്ക് ആനയിച്ചായിരുന്നു. പിന്നീട് പ്രതിമയുടെ മടിയിലിരുത്തി കുഞ്ഞിനെ പേരു ചൊല്ലി വിളിച്ചു. വലിയ ആഘോഷത്തോടെ ഒട്ടഛത്രത്തെ കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങ്.