ലഖ്നൗ: തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ നടന്ന നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പശുക്കള്‍ പുല്ല് മേയുന്ന സ്ഥലങ്ങളിലെ അനധികൃത കുടിയേറ്റം എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഒഴിഞ്ഞില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കാനും യോഗിയുടെ നിര്‍ദേശമുണ്ട്.
തെരുവ് പശു സംരക്ഷണത്തിനായി നിര്‍ദേശങ്ങളവതരിപ്പിക്കാന്‍ പുതിയ സമിതി രൂപീകരിക്കാനും ഒരാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ കൈമാറാനും ചീഫ് സെക്രട്ടറി അനൂപ് ചന്ദ പാണ്ഡെയ്ക്ക് യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പരിഷദ് തലങ്ങളില്‍ 750 ഗോശാലകള്‍ നിര്‍മ്മിക്കണമെന്നും ഇവയ്ക്ക് കൃത്യമായ സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.
16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും തെരുവ് പശു സംരക്ഷണത്തിനായി 10 കോടി അനുവദിച്ചിട്ടുണ്ടെന്നും ജില്ലകള്‍ക്കായി പുതിയ ഗോശാലകള്‍ നിര്‍മ്മിക്കുന്നതിനായി 1.2 കോടി വീതം നല്‍കിയിട്ടുണ്ടെന്നും യോഗി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.