ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും വൻവിജയം സ്വന്തമാക്കിയതിന് പിന്നാലെ ജനങ്ങളോടും പ്രധാനമന്ത്രി മോഡിയോടും നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് കമീഷൻറെ പുതിയ കണക്കുകൾ പ്രകാരം 274 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 30 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു പാർട്ടി യുപിയിൽ തുടർഭരണം നേടുന്നത്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഇരട്ട എഞ്ചിൻ സർക്കാർ സുരക്ഷിത ജീവിതം ഉറപ്പാക്കിയെന്നും ഇത് വികസനത്തിനുള്ള അംഗീകാരവും ജനങ്ങളുടെ അനുഗ്രഹവുമാണെന്നും യോഗി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ലഖ്‌നൗവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാനത്തിന്റെ വലിപ്പവും സീറ്റുകളും എണ്ണവും കണക്കിലെടുത്ത് എല്ലാവരുടെയും കണ്ണുകൾ യുപിയിലായിരുന്നു. ഞങ്ങൾക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വത്തിൽ യുപിയിലും ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി സർക്കാറുണ്ടാക്കും.’- യോഗി പറഞ്ഞു.
സംസ്ഥാനത്ത് ഏഴുഘട്ടമായി സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത് വലിയൊരു മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കോവിഡിനെതിരെ പോരാടുമ്പോൾ, പ്രതിപക്ഷ പാർട്ടികൾ ഞങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയാണ് ചെയ്തത്. ഞങ്ങൾക്ക് വിജയം സമ്മാനിച്ചതിലൂടെ ജനം ഒരിക്കൽ കൂടി ദേശീയതക്കും മികച്ച ഭരണത്തിനുമാണ് വോട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.