പാർലമെന്റിൽ മദ്യപിച്ചെത്തിയ എംപി, ശേഷം പൊതുവേദിയിൽ മദ്യവർജ്ജനം, പഞ്ചാബിലെ പ്രശസ്ത കൊമേഡിയനിൽ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്, ഇതാണ് ജുഗ്നു എന്ന ഭഗവന്ത് മൻ

ചണ്ഡീഗഢ്: കൊമേഡിയനായി പഞ്ചാബിലെങ്ങും പേരെടുത്ത ഭഗവന്ത് മൻ ഇനി മുഖ്യമന്ത്രി കസേരയിലുണ്ടാകും. സാധാരണക്കാർക്കിടയിൽ നിന്നും ഒരു മുഖ്യമന്ത്രിയെ കിട്ടിയെന്ന് ജനങ്ങൾക്കും ആശ്വസിക്കാം. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച പഞ്ചാബിന്റെ സ്വന്തം ”ജുഗ്നു”വിന് വിവാദങ്ങളെയെല്ലാം തൽക്കാലത്തേക്ക് മറന്ന് ഭരണകാര്യങ്ങളിലേക്ക് കടക്കാം.

കോൺഗ്രസിന്റെ തുടർഭരണ മോഹങ്ങളെ ചവറ്റുകുട്ടയിലെറിഞ്ഞ് പഞ്ചാബ് തൂത്തുവാരിയ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇനി പഞ്ചനദികളുടെ തീരത്തെ മണ്ണിനെ ഇനി ഭഗവന്ത് മൻ നയിക്കും. കപിൽ ശർമയുമായി ചേർന്നുള്ള ‘ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്’ ഉൾപ്പടെയുള്ള തമാശപരിപാടികളിലൂടെ ജനങ്ങളെ കുടുകുടെ ചിരിപ്പിച്ച ഭഗവന്ത് മൻ പഞ്ചാബികൾക്ക് ഏറെ പ്രിയങ്കരനാണ്. അഭിനേതാവ്, നടൻ, ഗായകൻ, സാമൂഹിക പ്രവർത്തകൻ എന്നീ മേഖലകളിലും ഭഗവന്ത് മൻ തിളങ്ങിയിട്ടുണ്ട്.

എന്നാൽ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുന്ന സ്വഭാവം അധികമൊന്നും മൻ കാഴ്ചവെച്ചിട്ടില്ല. മദ്യപാനം സംബന്ധിച്ച ആരോപണമാണ് ഭഗവന്തിനെ ഏറ്റവുമധികം വലച്ചിട്ടുള്ളത്. പാർലമെന്റിൽ മദ്യപിച്ചെത്തിയ ഭഗവന്ത്, പഞ്ചാബിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുന്നുവെന്നായിരുന്നു അമരിന്ദർ സിങിന്റെ പ്രതികരണം. ഭഗവന്തിന്റെ മദ്യപാനത്തിനെതിരെ, എഎപി എംപിയായിരുന്ന ഹരീന്ദർ സിങ് ഖൽസ രേഖാമൂലം ലോക്സഭാ സ്പീക്കർക്കു പരാതിയും നൽകിയിരുന്നു.

ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാര ചടങ്ങിലും, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്സറിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ചടങ്ങിലും മദ്യപിച്ച് എത്തി ഭഗവന്ത് നാണക്കേടിലായി.

ALSO READ- രാജഭരണമെങ്കിൽ പഞ്ചാബ് ഭരിക്കേണ്ട പട്യാല രാജാവ്, ജനങ്ങളുടെ ക്യാപ്റ്റൻ ഒടുവിൽ തോറ്റ് തൊപ്പിയിട്ടത് ഏറ്റവും പിന്നിലെ സ്ഥാനം നേടി കൊണ്ട്, അമരീന്ദറിന്റേത് വൻപതനം

എന്നാൽ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 2019ൽ ആം ആദ്മി പാർട്ടിയുടെ ഒരു പൊതുയോഗത്തിൽ വെച്ച് അമ്മ ഹർപാൽ കൗറിനൊപ്പം എത്തിയ മൻ മദ്യം ഉപേക്ഷിക്കുകയാണെന്നും ഇനി ഒരിക്കലും തൊടില്ലെന്നും അമ്മയെ സാക്ഷിയാക്കി പ്രതിജ്ഞയെടുത്തു.

ആപ്പിന്റെ പഞ്ചാബ് കൺവീനർ ആയിരുന്നു മൻ. മയക്കുമരുന്ന് മാഫിയ കേസിൽ അരവിന്ദ് കെജ്രിവാൾ ബിക്രം സിംഗ് മജിതിയയോട് നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന് 2018ൽ ആപ്പ് പഞ്ചാബിന്റെ കൺവീനറായിരുന്ന മൻ രാജിവെച്ചിരുന്നു.

2011ൽ സജീവമായ കോമഡി കരിയർ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പീപ്പിൾസ് ഓഫ് പഞ്ചാബിലെ അംഗമായിട്ടായിരുന്നു തുടക്കം. 2012ലെ പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിൽ ലെഹ്റഗാഗ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചു പരാജയപ്പെട്ടു. 2014ൽ അവിടെനിന്നും രാജിവെച്ച് ആപ്പിൽ ചേർന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ചു. പിന്നാലെ 2014 മുതൽ ലോക്സഭാംഗമായി പ്രവർത്തിച്ചുവരികയാണ്. ഇതിനിടെയാണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മാറ്റുരച്ചത്.

4.31 കോടി രൂപയുടെ ആസ്തിയും 1.63 കോടിയുടെ ബാധ്യതയും ഉള്ളതായി തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് ടൊയോട്ട ഫൊർച്യൂണർ കാറുകളും ഒരു ഷവർലെ ക്രൂസും സ്വന്തമായുള്ളതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

1973 ഒക്ടോബർ 17ന് പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സതോജ് ഗ്രാമത്തിൽ സിഖ്-ജാട്ട് കുടുംബാംഗങ്ങളായ മൊഹിന്ദർ സിങിന്റെയും ഹർപൽ കൗറിന്റെയും മകനായാണ് ഭഗവന്തിന്റെ ജനനം. സ്‌കൂൾ പഠനകാലം മുതൽ തന്നെ കോമഡി പരിപാടികളിൽ സജീവമായിരുന്നു. പട്യാല ശഹീദ് ഉദ്ദംസിങ് ഗവൺമെന്റ് കോളജിൽ നിന്ന് വിവിധ ഹാസ്യ മത്സരങ്ങൾക്ക് ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് ‘ലോക് ലെഹർ ഫൗണ്ടേഷൻ’ എന്ന എൻജിഒ നടത്തുന്നുണ്ട്. 12 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്.

ALSO READ- ഗണിത ബിരുദധാരി, അവൈദ്യനാഥിന്റെ ശിഷ്യൻ; കണക്കുകൂട്ടൽ പിഴക്കാതെ യുപിയിൽ രണ്ടാം ഊഴത്തിലേക്ക്, ആരാണീ അജയ് മോഹൻ ബിഷ്ട്? അറിയാം മോഡിയുടെ പിൻഗാമിയെ

ഇന്ദർപ്രീത് കൗർ ആയിരുന്നു ഭാര്യ. 2015ൽ ഇരുവരും വേർപിരിഞ്ഞു. ഒരുമിച്ച് താമസിക്കാൻ ജോലിത്തിരക്കുകൾ കാരണം കഴിയുന്നില്ല എന്നതായിരുന്നു വിവാഹമോചനത്തിന് കാരണം. ഇന്ദർ പ്രീത് കൗർ യുഎസിൽ സ്ഥിര താമസമാണ്. അവിടേക്ക് മന്നിനെ ക്ഷണിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. ഇന്ദർ പ്രീത് ഇന്ത്യയിലേക്ക് മടങ്ങാനും തയ്യാറായില്ല. തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവർക്കും ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്.

Exit mobile version