ഛണ്ഡിഗഡ്: പഞ്ചാബിലൊക്കെ രാജഭരണമാണ് ഇന്നും ഉണ്ടായിരുന്നതെങ്കിൽ രാജാവായി വാഴേണ്ടയാളാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. പട്യാല രാജകുടുംബാംഗമായ അമരീന്ദറിന് കരിയറിൽ ഉടനീളം പറയാനുള്ളത് നേട്ടങ്ങളുടെ കഥമാത്രം. എന്നാൽ, 2021 കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച് ബിജെപിയോട് അടുത്ത അദ്ദേഹത്തെ കാത്തിരുന്നത് എക്കാലത്തേയും വലിയ പടനമായിരുന്നു.
രാഷ്ട്രീയ മഹാമേരുവിന്റെ പതനം എന്നുതന്നെ അമരീന്ദറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ വിശേഷിപ്പിക്കാം. ആം ആദ്മിയോട് ഏറ്റമുട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാണ് അമരീന്ദർ സിങ് നാണക്കേടിന്റെ നേർരൂപമായത്. ആംആദ്മി പാർട്ടിയുടെ അജിത് പാൽ സിങ് കോഹ്‌ലിയോടാണ് സ്വന്തം ജന്മനാട്ടിൽ അമരീന്ദർ പരാജയം നുണഞ്ഞത്. 10,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് പാലിന്റെ വിജയം.
രാഷ്ട്രീയ ജീവിതത്തിൽ പ്രൊഫഷണൽ രാഷ്ട്രീയക്കാരനായിരുന്നു അമരീന്ദർ, നേട്ടങ്ങൾക്കായി കൂടുവിട്ട് കൂടുമാറാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. കോൺഗ്രസിലും അകാലിദളിലും വീണ്ടും കോൺഗ്രസിലും പ്രവർത്തിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരെ എത്തിയ അദ്ദേഹം അവസാനം സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. എന്നാൽ, ആം ആദ്മിയുടെ തേരോട്ടത്തിൽ അമരീന്ദറിനെ ജനങ്ങൾ പൂർണമായും കൈവിട്ടു.
1942ൽ ജനിച്ച അമരീന്ദർ, യുദ്ധത്തിൽ പങ്കെടുത്ത വീരചരിത്രമുള്ളയാളാണ്. 1965ൽ പാകിസ്താനുമായി യുദ്ധം തുടങ്ങിയപ്പോൾ ഇന്ത്യൻ ആർമിയുടെ സിഖ് റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പാകിസ്താനെ എക്കാലത്തും എതിർത്തും രാജ്യസ്‌നേഹം തുളുമ്പുന്ന പ്രസ്താവനകൾ നടത്തിയും അമരീന്ദർ ജനങ്ങളുടെയും ക്യാപ്റ്റനായി രാഷ്ട്രീയത്തിലും മികച്ചുനിന്നു.
സ്‌കൂൾ പഠനകാലത്ത് രാജീവ് ഗാന്ധിയുടെ സുഹൃത്തായിരുന്ന അമരീന്ദർ 1980ൽ കോൺഗ്രസിൽ ചേർന്നു. ആ വർഷം ലോക്‌സഭയിലെത്തി. സിഖുകാരുടെ ആരാധനാലയമായ സുവർണക്ഷേത്രത്തിൽ നടന്ന 1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനിക നടപടിയെ തുടർന്ന് പ്രതിഷേധിച്ച് അദ്ദേഹം കോൺഗ്രസ് വിട്ട് എതിർപാർട്ടിയായ ശിരോമണി അകാലിദളിൽ (എസ്എഡി) ചേർന്നു.
1984ൽ തൽവണ്ടി സബോ മണ്ഡലത്തിൽനിന്നും എസ്എഡി എംഎൽഎയും പിന്നീട് മന്ത്രിയുമായി. 1992ൽ എസ്എഡി വിട്ട് അദ്ദേഹം ശിരോമണി അകാലിദൾ (പാന്തിക്) പാർട്ടി രൂപവത്കരിച്ചു. 1998ലെ തെരഞ്ഞെടുപ്പിൽ 856 വോട്ട്മാത്രം കിട്ടി വൻ തോൽവി ഏറ്റുവാങ്ങിയതോടെ അദ്ദേഹം തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച് രാഷ്ട്രീയ കരുനീക്കം നടത്തി.
തുടർന്ന് 1999-2002, 2010-2013 വരെ രണ്ടു ടേമിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി. 2002ലാണ് പഞ്ചാബിൽ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. പിന്നീട് 2017 മാർച്ച് 16ന് വീണ്ടും മുഖ്യമന്ത്രിക്കസേരിയിൽ എത്തി. എന്നാൽ, ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സിദ്ദുവിന് മുന്നിൽ അടിയറവ് വെച്ച് രാജിവെച്ച് ഒഴിയുകയായിരുന്നു. പഞ്ചാബിലെ കാർഷിക പ്രക്ഷോഭത്തിലെ പങ്കാളിത്തം കണ്ടതോടെ തുടർച്ചയായി കോൺഗ്രസ് ഭരണത്തിലെത്തുമെന്ന് നേതാക്കളും കണക്കുകൂട്ടി. ഇത് കോൺഗ്രസിന്റഎ ആത്മവിശ്വാസം വർധിപ്പിക്കുകയും നേതാക്കൾ ചേരി തിരിഞ്ഞ് പോരാട്ടം തുടങ്ങുന്നതിനും കാരണമായി.
സംസ്ഥാനത്തെ പാർട്ടിയിലെ ഒരു വിഭാഗത്തെ മുൻനിർത്തി നവ്‌ജ്യോത് സിങ് സിദ്ദു മുന്നിട്ടിറങ്ങിയപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനോട് മുഖംതിരിച്ചു. 2021 സെപ്റ്റംബർ 18ന് മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് കോൺഗ്രസിനോടും യാത്ര പറഞ്ഞ് ഇറങ്ങിയ അമരീന്ദർ നവംബറിൽ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. കാർഷിക സമര കാലത്ത് കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചിരുന്ന അമരീന്ദർ സിങ് എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയോട് ചായ്‌വ് കാണിക്കുകയാണ് ചെയ്തത്. ബിജെപിക്കൊപ്പം ചേർന്ന് മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സ്വന്തം ജയം പോലും ഉറപ്പിക്കാനായില്ല. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് പഞ്ചാബിന്റെ മുൻക്യാപ്റ്റൻ.