ചെന്നൈ: 2016ലെ സത്യപ്രതിജ്ഞ ചടങ്ങിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവാത്ത
അവസ്ഥയിലായിരുന്നു മുന്‍മുഖ്യമന്ത്രിയും എഐഡിഎംകെ അധ്യക്ഷയുമായിരുന്ന ജയലളിതയെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്.
ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനോടാണ് അവരുടെ അക്കാലയളവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍ ബാബുമനോഹര്‍ വെളിപ്പെടുത്തിയത്. 2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ജയലളിതയ്ക്ക് കലശലായ രോഗാവശതകള്‍ ഉണ്ടായിരുന്നു.
കടുത്ത തലവേദനകള്‍ അലട്ടിയിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആകുമായിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും പരസഹായം ആവശ്യമായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ വിശ്രമം അത്യാവശ്യമാണെന്ന് ജയലളിതയെ അറിയിച്ചിരുന്നു. എന്നാല്‍ പതിനാറു മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്തിരുന്ന ജയലളിത വിശ്രമിക്കാന്‍ വിസമ്മതിച്ചിരുന്നതായും ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷനെ നിയോഗിക്കുകയായിരുന്നു.
ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെ അന്വേഷണത്തില്‍ സഹായിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിനെയും ചുമതലപ്പെടുത്തിയിരുന്നു. അതേസമയം നേരത്തെ ജയലളിതയുടെ മരണം അസുഖം മൂലമായിരുന്നുവെന്നും മരണം രാഷ്ട്രീയവത്ക്കരിക്കാന്‍ ജയലളിതയുടെ ഉറ്റതോഴിയായ ശശികല ശ്രമിച്ചുവെന്നും ആരോപണമുയര്‍ത്തി പാര്‍ട്ടി നേതാവായ ടിടിവി ദിനകരന്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
Discussion about this post