പലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി : പലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മുകള്‍ ആര്യയെ എംബസി കാര്യാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമള്ളയിലെ എംബസി ഓഫീസില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പലസ്തീന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

2008 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് മുകുള്‍. അഫ്ഗാനിസ്ഥാനിലെ കാബൂള്‍, റഷ്യയിലെ മോസ്‌കോ എംബസികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരുപാട് കഴിവുകളുള്ള പ്രതിഭാധനനും മിടുക്കനുമായ ഉദ്യോഗസ്ഥനായിരുന്നു മുകുള്‍ എന്നും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വേദനയ്‌ക്കൊപ്പം പങ്ക് ചേരുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ പലസ്തീന്‍ ഭരണകൂടവും നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. അംബാസഡര്‍ ആര്യയുടെ മരണം വലിയ ഞെട്ടലോടെയും നടുക്കത്തോടെയുമാണ് കേട്ടതെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലികി പ്രതികരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version