ന്യൂഡല്‍ഹി: അമേരിക്കയിലെ വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച കുട്ടികള്‍. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്.
ഷാരോണ്‍ (17), ജോയ് (15), ആരോണ്‍ (14) എന്നിവരാണ് മരിച്ചത്. അപകടം നടന്ന വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു സഹോദരങ്ങള്‍. ടെന്നസിയിലെ മെംഫിസില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ കാരി കോഡ്രിറ്റും(46) തീപിടിത്തത്തില്‍ മരിച്ചു.
വീട്ടുടമ കാരിയുടെ ഭര്‍ത്താവ് ഡാനിയല്‍ കോഡ്രിറ്റും മകന് കോളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായ ഉടന്‍ ഡാനിയല്‍ രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തുചാടി സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്. ശ്രീനിവാസനും ഭാര്യയും കഴിഞ്ഞ വര്‍ഷമാണ് തെലങ്കാനയിലേക്ക് മടങ്ങിയത്. അവധിക്ക് സ്കൂള്‍ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയില്ല. കോഡ്രിറ്റ് കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് സഹോദരങ്ങള്‍ ഇവിടെ താമസിക്കാനെത്തിയത്. ചര്‍ച്ച് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ അമേരിക്കയിലെത്തി. കുട്ടികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ക്കായി സംഭാവന നല്‍കണമെന്ന് കോളിര്വില്ലെ പള്ളി അധികൃതര്‍ അഭ്യര്‍ഥിച്ചു.
Discussion about this post