കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് സർക്കാർ റിപ്പോർട്ട് തേടി. വെള്ളിയാഴ്ച വൈകുന്നേരം വാരണാസിയിൽ നിന്ന് മമതാ ബാനർജി കൊൽക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്.
മമതാ ബാനർജി സഞ്ചരിച്ച ചാർട്ടേഡ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തിൽ മമതാ ബാനർജിക്ക് മുതുകിൽ പരിക്കേറ്റു. മമത സഞ്ചരിച്ച വിമാനത്തിന്റെ റൂട്ടിന് മുൻകൂർ അനുമതി ലഭിച്ചിരുന്നോ എന്നകാര്യമാണ് സംസ്ഥാന സർക്കാർ ജിസിഡിഎയിൽ നിന്ന് തേടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ജിസിഡിഎ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ആകാശച്ചുഴിയിൽ നിന്ന് പുറത്തുകടന്ന വിമാനം പിന്നീട് നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഉൾപ്പെടെ പരമാവധി 19 പേരെ വഹിക്കാൻ ശേഷിയുള്ള 10.3 ടൺ ഭാരം കുറഞ്ഞ വിമാനമായ ദസ്സാൾട്ട് ഫാൽക്കൺ 2000 എന്ന വിമാനത്തിലാണ് ബാനർജി യാത്ര ചെയ്തത്.
Discussion about this post