ബിഹാറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം : 14 മരണം

പട്‌ന : ബിഹാറിലെ ഭഗല്‍പൂരില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 14 മരണം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ആറ് മാസം പ്രായമായ കുഞ്ഞുമുണ്ട്. സ്‌ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പടക്കനിര്‍മാണത്തിനായി വാടകയ്ക്ക് എടുത്തിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന ഇരുനില കെട്ടിടവും തൊട്ടടുത്തുള്ള മൂന്ന് കെട്ടിടങ്ങളും തകര്‍ന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണശാലയില്‍ നാടന്‍ ബോംബുകളും നിര്‍മിച്ചിരുന്നതായി സംശയമുണ്ട്.

സംഭവത്തെത്തുടര്‍ന്ന് കാര്യനിര്‍വഹണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി സ്ഥലത്തെ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് സുദാന്‍ഷു കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതേ കെട്ടിടത്തില്‍ 2018ലും 2020ലും സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ടെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയതായും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

Exit mobile version