യുക്രെയ്ന്‍ യുദ്ധം: ‘മോഡിജീ… രക്ഷിക്കൂ, ഇല്ലെങ്കില്‍ മരിച്ചുപോകും’; സുമിയില്‍ നിന്നും സഹായ അഭ്യര്‍ഥനയുമായി വിദ്യാര്‍ഥികള്‍

യുക്രെയ്ന്‍ യുദ്ധ ഭീതിയിലാണ് സുമിയും. ഇവിടെയും ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സഹായ അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടെയുള്ള വിദ്യാര്‍ഥികള്‍.

ഇവര്‍ മോഡിയോട് സഹായ അഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ എന്‍ഡിടിവി
പുറത്തുവിട്ടിട്ടുണ്ട്. 100ഓളം വിദ്യാര്‍ഥികളാണ് വീഡിയോയിലുള്ളത്. ഇവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് ഇന്ത്യന്‍ വിദ്യാര്‍ഥി.

തങ്ങളെ യുക്രെയ്‌നിലെ വെസ്റ്റേണ്‍ ബോര്‍ഡറിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടിയാണ് അഭ്യര്‍ത്ഥന നടത്തുന്നത്. അത് സാധ്യമായാല്‍ ഇവര്‍ക്ക് വീടുകളിലെത്താല്‍ എളുപ്പമായിരിക്കുമെന്ന് വീഡിയോയില്‍ ഇവര്‍ പറയുന്നു.

വലിയ പ്രതിസന്ധികള്‍ താണ്ടിയാണ് കീവിലെയും ഹര്‍കീവിലെയും വിദ്യാര്‍ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കടന്നത്. കൊടും തണുപ്പും അവഗണിച്ച് ചിലര്‍ കാല്‍നടയായും ചെന്നെത്തി. ഒന്നും ഞങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടില്ല. വിദേശത്തുള്ള വിദ്യാര്‍ഥികളില്‍ ചിലര്‍ സുമി വിട്ട് പോയെങ്കിലും അവര്‍ മരണപ്പെട്ടു. ഇത് തെളിയിക്കുന്ന വീഡിയോ തങ്ങളുടെ കൈയ്യിലുണ്ടെന്നും ഇന്ത്യന്‍ വിദ്യാര്‍ഥി പറയുന്നു.

സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ ഇതുവരെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മോഡിജിയോട് ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുന്നു. രക്ഷപ്പെടുത്തൂ. അല്ലെങ്കില്‍ ഞങ്ങള്‍ മരിച്ചുപോകും. ഇവിടെ ഭക്ഷണമില്ല. വെള്ളമില്ല. ശുചിമുറിയില്‍ പോലും വെള്ളമില്ല, വിദ്യാര്‍ഥി പറയുന്നു.


അതേസമയം, സൂമിയില്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ രക്ഷാദൗത്യത്തിന് തടസ്സമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുമിയിലെ രക്ഷാദൗത്യത്തിന് താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടാകണം. ബസുകള്‍ തയ്യാറാണെങ്കിലും വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. യുക്രെയ്‌നിലെയും റഷ്യയിലെയും അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Exit mobile version