ബംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി കർണാടക സ്വദേശിയായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡറുടെ ചലനമറ്റ ശരീരം എത്തുന്നത് നോക്കി കുടുംബം കണ്ണീരോടെ കാത്തിരിക്കുമ്പോൾ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ. ‘ഒരു മൃതദേഹം വിമാനത്തിൽ കൂടുതൽ സ്ഥലം എടുക്കുന്നുവെന്നായിരുന്നു ഹുബ്ലി-ധർവാദ് മണ്ഡലത്തിലെ എംഎൽഎയായ അരവിന്ദ് ബെല്ലാദിൻ പറഞ്ഞത്.
ഒരു ശവപ്പെട്ടിക്ക് പകരം എട്ടു മുതൽ പത്തുവരെ ആളുകളെ വിമാനത്തിൽ കയറ്റാമെന്നാണ് അദ്ദേഹം പറഞ്ഞത്. നവീന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ പരാമർശം കുടുംബം തകർന്നിരിക്കുമ്പോൾ വേണമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ഹാർകീവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ മെഡിസിൻ വിദ്യാർഥിയായ 21 വയസുകാരൻ നവീൻ റഷ്യൻ ഷെല്ലിങിനിടെ കൊല്ലപ്പെടുകയായിരുന്നു. ഒരു പലചരക്ക് കടക്ക് പുറത്ത് വരി നിൽക്കുന്നതിനിടെയായിരുന്നു ഷെല്ലാക്രമണം.
എംഎൽഎയുടെ വാക്കുകൾ;
‘നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. യുക്രൈൻ ഒരു യുദ്ധമേഖലയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ശ്രമങ്ങൾ നടത്തുന്നുണ്ട്. കഴിയുമെങ്കിൽ മൃതദേഹം എത്തിക്കും. ജീവിച്ചിരിക്കുന്ന ആളുകളെ തിരികെ കൊണ്ടുവരുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനേക്കാൾ ബുദ്ധിമുട്ടാണ് മരിച്ചവരെ കൊണ്ടുവരുന്നത്. കാരണം മൃതദേഹം വിമാനത്തിൽ കൂടുതൽ സ്ഥലം എടക്കും. മൃതദേഹത്തിന് പകരം എട്ട പത്തോ ആളുകളെ ആ സ്ഥലത്ത് കൊണ്ടുവരാൻ സാധിക്കും. നവീന്റെ മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നുണ്ട്.
Discussion about this post