ചെന്നൈ: 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മേയറെ ലഭിച്ചതിന് പിന്നാലെ വീണ്ടും തമിഴ്‌നാട്ടിൽ മാറ്റത്തിന്റെ ശംഖൊലി. കുംഭകോണം കോർപ്പറേഷന്റെ മേയറാകാൻ ഒരുങ്ങുന്നത് 42 കാരനായ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസിന് കുംഭകോണം മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ഓട്ടോഡ്രൈവറായ കെ ശരവണനെ കോൺഗ്രസ് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്.
പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ നിന്നുമുള്ള അംഗമായ ശരവണൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവിൽ വാടക വീട്ടിലാണ് ശരവണൻ താമസിക്കുന്നത്. സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ് ശരവണൻ. കഴിഞ്ഞ എട്ട് വർഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. ഇതിനിടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 17ാം വാർഡിൽ നിന്നുമാണ് ശരവണൻ തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനത്ത് എത്തിയാൽ പുതുതായി നവീകരിച്ച കുംഭകോണം കോർപ്പറേഷന്റെ ആദ്യ മേയറാകും ശരവണൻ.
48 അംഗ കൗൺസിലിൽ തന്റെ പാർട്ടിക്ക് രണ്ട് അംഗങ്ങൾ മാത്രമേയുള്ളൂവെങ്കിലും, ഡിഎംകെ അംഗങ്ങളുടെ സഹകരണത്തോടെ നഗരസഭയെ നന്നായി നയിക്കാൻ തനിക്ക് കഴിയുമെന്ന് ശരവണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.