ന്യൂഡല്‍ഹി: ഉക്രൈന്‍-റഷ്യ യുദ്ധം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള യജ്ഞത്തിലാണ് ഇന്ത്യ. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുന്നത് പുരോഗമിയ്ക്കുകയാണ്. മുംബൈയിലും ഡല്‍ഹിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്.
അതിനിടെ ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിലുള്ള അലംഭാവവും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇത്തരത്തില്‍ ഉക്രൈനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഒരു വീഡിയോയാണ് ചര്‍ച്ചയാവുന്നത്. ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും, മോഡിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്.
ഭാരത് മാതാ കി ജയ് ഏറ്റുവിളിക്കുകയും നരേന്ദ്ര മോഡിക്ക് ജയ് പറയുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറല്‍. വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളായത് കൊണ്ടാണ് മോഡിക്ക് ജയ് വിളിക്കാത്തതെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
ഉക്രൈനില്‍ നിന്നും രക്ഷപ്പെട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഉക്രൈനിലെ എംബസിയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്നും സഹായം ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു. ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അനാസ്ഥ കാരണം പല വിദ്യാര്‍ത്ഥികളും സ്വന്തം പ്രയത്‌നത്തിലാണ് യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടതെന്നും നാട്ടിലെത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ചാണ് സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ കയര്‍ത്ത് സംസാരിച്ചത്.
കോണ്‍ഗ്രസ് പുറത്ത് വിട്ട ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. റൊമേനിയന്‍ നഗരത്തില്‍ എത്തിയ യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയര്‍ സിന്ധ്യയോട് കയര്‍ത്ത് സംസാരിച്ചത്. വിദ്യാര്‍ത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവെ, നിങ്ങള്‍ എപ്പോഴാണ് അവരെ നാട്ടില്‍ തിരിച്ചെത്തിക്കുക എന്ന് പറയൂ എന്നാണ് മേയര്‍ വീഡിയോയില്‍ പറയുന്നത്.
എന്നാല്‍, എന്ത് പറയണം എന്ന് ഞാന്‍ തീരുമാനിക്കും, അവിടെ നില്‍ക്കൂ എന്ന് മറുപടി പറഞ്ഞ മന്ത്രിയോട് നിങ്ങളല്ല, ഞാനാണ് ഭക്ഷണവും വാസസ്ഥലവും കൊടുത്തത് എന്നായിരുന്നു മേയറുടെ മറുപടി. നാട്ടിലെത്തിക്കാനുള്ള നടപടികളെക്കുറിച്ച് സംസാരിക്കൂ എന്ന ആവശ്യപ്പെട്ട മേയറുടെ വാക്കുകളില്‍ പ്രകോപിതനായ സിന്ധ്യയുടെ വാക്കുകള്‍ പരുഷമായതോടെയാണ് മേയര്‍ക്ക് മന്ത്രിയോട് കയര്‍ത്തു സംസാരിക്കേണ്ടി വന്നത്.
Discussion about this post