ന്യൂഡൽഹി: ഉക്രൈനിൽ നിന്നും രക്ഷപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾ കേന്ദ്രത്തിന് നേരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നു. ഉക്രൈനിലെ എംബസിയുടെ പ്രവർത്തനം വളരെ മോശമാണെന്നും സഹായം ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ വിമർശിച്ചു. ഉക്രൈനിലെ ഇന്ത്യൻ എംബസിയുടെ അനാസ്ഥ കാരണം പല വിദ്യാർത്ഥികളും സ്വന്തം പ്രയത്നത്തിലാണ് യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടതെന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.
ഉക്രൈനിൽ നിന്നും ഹംഗറിയിലേക്ക് കടന്ന് അവിടെ നിന്നും ഇന്ത്യയിലേക്കെത്തിയ ദിവ്യാശു സിംഗ് എന്ന വിദ്യാർത്ഥിയാണ് രൂക്ഷ പ്രതികരണം നടത്തിയത്. ഡൽഹി എയർപോർട്ടിൽ വെച്ച് റോസാപ്പുവ് നൽകിയാണ് ഇദ്ദേഹത്തെ കേന്ദ്രമന്ത്രിമാർ സ്വീകരിച്ചത്. എന്നാൽ ആവശ്യസമയത്ത് സഹായിക്കാതെ ഒരു പൂവ് തരുന്നതിൽ എന്താണർത്ഥമെന്നാണ് ബീഹാർ സ്വദേശിയായ വിദ്യാർത്ഥി ചോദിക്കുന്നു.
‘ഉക്രൈനിൽ നിന്ന് ഹംഗറിയിലേക്ക് കടക്കുന്നത് വരെ ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങൾ സ്വയം രക്ഷപ്പെടുകയായിരുന്നു. ഞങ്ങൾ പത്ത് പേർ സംഘം ചേർന്നാണ് ഹംഗറിയിലേക്ക് പോയത്. കഷ്ടപ്പെട്ട് സ്വയം രക്ഷപ്പെട്ട് ഞങ്ങൾ ഇവിടെയെത്തി. എന്നിട്ടിതാണ് (പൂവ്) തന്നത്. എന്താണ് ഞങ്ങളിത് കൊണ്ട് ചെയ്യേണ്ടത്. ഞങ്ങൾക്കെന്തിങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം എന്ത് ചെയ്തേനെ,’ ദിവ്യാശു ചോദിച്ചു. കൃത്യ സമയത്ത് ഉചിതമായി ഇടപെട്ടിരുന്നെങ്കിൽ ഈ പൂവുകളുടെയൊന്നും ആവശ്യമില്ലായിരുന്നെന്നും വിദ്യാർത്ഥി പറഞ്ഞു.
Discussion about this post