കുറ്റപ്പെടുത്തുന്നത് നിര്‍ത്തൂ, വിദ്യാര്‍ഥികളെ രക്ഷിക്കുന്നതില്‍ ശ്രദ്ധിയ്ക്കൂ; പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

ചെന്നൈ: യുക്രൈനില്‍ രക്ഷാദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കേന്ദ്രം വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കുട്ടികള്‍ എന്തിന് യുക്രൈന്‍ പോലുള്ള ചെറിയ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിന് പോകുന്നുവെന്ന് ചോദിക്കേണ്ട സമയമല്ലിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയില്‍ യോഗ്യതാ പരീക്ഷകള്‍ വിജയിക്കാത്തവരാണെന്ന കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ അഭിപ്രായമാണ് സ്റ്റാലിന്‍ പരാമര്‍ശിച്ചത്. ഇത്തരം കാര്യങ്ങള്‍ പറയേണ്ട സമയം അല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ നീറ്റ് പരീക്ഷ തടസ്സമാണെന്ന് എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ എന്ന എംബിബിഎസ് വിദ്യാര്‍ഥിക്ക് പ്ലസ് ടു പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് കിട്ടിയിട്ടും നീറ്റ് പരീക്ഷയില്‍ വിജയിക്കാനായില്ല. മെഡിക്കല്‍ സീറ്റിനായി ചെലവഴിക്കാന്‍ അധികം പണമില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ആ ലക്ഷ്യം വിദൂരമല്ല, നമുക്ക് ഒരുമിച്ച് പോരാടാം, വിജയിക്കാം- സ്റ്റാലിന്‍ പറഞ്ഞു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും നീറ്റ് സംബന്ധിച്ച തന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. മറ്റ് ചില സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ദരിദ്രരും സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് ലഭിക്കാന്‍ നീറ്റ് തടസമാണ്. നീറ്റിനെതിരായ പോരാട്ടം ദുരന്തം ഇല്ലാതാക്കാനാണ്’- സ്റ്റാലിന്‍ വിശദീകരിച്ചു.

Exit mobile version