ബംഗളൂരു: കർണാടക സ്വദേശിയായ വിദ്യാർത്ഥി ഉക്രൈനിൽ റഷ്യന് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത ഇനിയും രാജ്യത്തിന് ഉൾക്കൊള്ളാനായിട്ടില്ല. എസ്ജി നവീന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഉക്രൈനിലേക്ക് മകനെ പഠനത്തിനായി അയക്കേണ്ടി വന്നത് സർക്കാർ കോളേജുകളിൽ സീറ്റില്ലാത്തതു കൊണ്ട് മാത്രമായിരുന്നെന്ന് പറഞ്ഞ് തേങ്ങുകയാണ് നവീന്റെ കുടുംബം. പഠനത്തിൽ മിടുക്കനായിരുന്നു നവീൻ. സാധാരണക്കാരായ ഈ കുടുംബത്തിന്റെ എല്ലാ സ്വപ്‌നങ്ങളുമാണ് റഷ്യ-ഉക്രൈൻ യുദ്ധത്തിൽ പൊലിഞ്ഞത്.
‘അവൻ പഠിക്കാത്തതുകൊണ്ടോ വീട്ടിൽ അധികം പണം ഉണ്ടായതുകൊണ്ടോ അല്ല അവനെ ഡോക്ടറാകാൻ പഠിക്കാൻ യുക്രെയ്‌നിലേക്ക് അയച്ചത്. പത്താം ക്ലാസിലും പ്രീയൂണിവേഴ്‌സിറ്റിക്കും 97% മാർക്ക് ഉണ്ടായിരുന്നു. എന്നിട്ടും നാട്ടിലെ സർക്കാർ കോളജുകളിൽ അഡ്മിഷൻ കിട്ടിയില്ല.’- നവീന്റെ അച്ഛൻ ശേഖര ഗൗഡ തൊണ്ടയിടറി കൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്എസ്എൽസിക്ക് 625 ൽ 605 മാർക്ക് നേടി സ്‌കൂൾ ടോപ്പർ ആയിരുന്നു നവീനെന്ന് അധ്യാപകരും പറയുന്നു. മൈസൂരു നഞ്ചൻഗുഡിലെ സൗത്ത് ഇന്ത്യ പേപ്പർ മിൽസിൽ ജോലിക്കാരനായിരുന്നു പിതാവ് ശേഖര ഗൗഡ. ഭാര്യ വിജയലക്ഷ്മി വീട്ടമ്മ. നവീന്റെ മൂത്തസഹോദരൻ ഹർഷ അഗ്രികൾചറിൽ പിഎച്ച്ഡി ചെയ്യുകയാണ്.