ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നിരിക്കുന്ന യുക്രൈന്
മരുന്നുള്‍പ്പടെയുള്ള അവശ്യസഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ.
യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി.
യുക്രൈനില്‍ കുടുങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇന്ത്യ സഹായിക്കുമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ മൂന്ന് ഉന്നത തലയോഗങ്ങളാണ് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യുക്രൈനില്‍ കുടുങ്ങിയ അയല്‍രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ളവരെ ഇന്ത്യ സഹായിക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
അതേസമയം, സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവില്‍ വീണ്ടും സ്‌ഫോടനങ്ങള്‍ നടന്നു. പോരാട്ടം നിര്‍ത്തണമെന്നാണ് യുഎന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനില്‍ റഷ്യയുടെയും യുക്രൈന്റെയും അംബാസഡര്‍മാര്‍ തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങള്‍ നടന്നു.
131 മലയാളികളെ ഇതുവരെ യുക്രൈനില്‍ നിന്ന് നാട്ടിലെത്തിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി സംസാരിച്ചു.
യുക്രൈന്റെ അയല്‍ രാജ്യങ്ങളില്‍ പോകാന്‍ ചുമതലപ്പെടുത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ഹര്‍ദീപ് സിങ് പുരി, വികെ സിങ്, കിരണ്‍ റിജിജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.പ്രാദേശിക സര്‍ക്കാരുകളുമായി സംസാരിക്കുന്നതിനും, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് മന്ത്രിമാരെ ചുമതലപ്പെടുത്തിയത്.