ഇഷ്ടികക്കളത്തിനായി കുഴിച്ചപ്പോള്‍ കിട്ടിയത് 26.11 കാരറ്റ് വജ്രം: വിറ്റ് പോയത് 1.62 കോടി രൂപയ്ക്ക്, ഒറ്റദിവസം കൊണ്ട് ചെറുകിട വ്യാപാരി കോടീശ്വരന്‍

ഭോപ്പാല്‍: ഇഷ്ടിക ചൂളയില്‍ നിന്നും ചെറുകിട വ്യാപാരിയെ തേടിയെത്തിയത് കോടികളുടെ വജ്രത്തിളക്കം. ഇഷ്ടിക ചൂളയില്‍ നിന്നും ലഭിച്ച 26.11 കാരറ്റ് വജ്രം 1.62 കോടി രൂപയ്ക്കാണ് ലേലത്തില്‍ വിറ്റത്.

മധ്യപ്രദേശിലെ പന്നയില്‍ പ്രവര്‍ത്തിക്കുന്ന ചൂളയുടെ നടത്തിപ്പുകാരനായ സുശീല്‍ ശുക്ലയെയാണ് ഭാഗ്യം തേടിയെത്തിയത്. ഫെബ്രുവരി 21നാണ് കൃഷ്ണ കല്യാണ്‍പൂര്‍ പ്രദേശത്തെ ചൂളയില്‍ നിന്ന് സുശീല്‍ ശുക്ലയ്ക്ക് 26.11 കാരറ്റ് വജ്രം ലഭിച്ചത്.

ഈ വജ്രമാണ് കഴിഞ്ഞ ദിവസം പന്നയില്‍ നടന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത്. ചെറുകിട ഇഷ്ടിക ചൂള വ്യാപാരം നടത്തുന്ന സുശീല്‍ ശുക്ലയും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി വജ്ര ഖനന ജോലിയിലും ഏര്‍പ്പെട്ടിരുന്നു.

എന്നാല്‍ ഇത്രയും വലിയ രത്‌നം തനിക്ക് ആദ്യമായിട്ടാണ് ലഭിക്കുന്നതെന്ന് സുശീല്‍ ശുക്ല പറഞ്ഞു. വജ്രം ലേലം ചെയ്തതില്‍ നിന്നും ലഭിക്കുന്ന തുക ഒരു ബിസിനസ്സ് ആരംഭിക്കുവാന്‍ ഉപയോഗിക്കുമെന്നാണ് സുശീല്‍ ശുക്ല പറയുന്നത്.

പ്രാദേശത്തെ വ്യാപാരിയാണ് ലേലത്തില്‍ വജ്രം വാങ്ങിയത്. വളരെക്കാലത്തിന് ശേഷമാണ് ഇത്രയും വലിയ വജ്രം പന്നയില്‍ നിന്ന് കണ്ടെത്തിയതെന്നും ജില്ലാ കലക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര പറഞ്ഞു.

ഗവണ്‍മെന്റ് റോയല്‍റ്റിയും നികുതിയും കഴിച്ച് ബാക്കി തുക സുശീലിന് നല്‍കും. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന പന്ന ജില്ലയില്‍ 12 ലക്ഷം കാരറ്റിന്റെ വജ്രങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍.

Exit mobile version