ഇംഫാൽ: പണവും സ്ഥാനമാനങ്ങളും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് പ്രായം കുറഞ്ഞ സ്ഥാനാർഥി നിങ്തോജാം പോപ്പിലാൽ സിങ്. സ്വത്തുവകകളൊന്നുമില്ലെന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതികരണം. 26 വയസ് മാത്രമാണ് എൻസിപി സ്ഥാനാർത്ഥിയായ നിങ്‌തോജാം പോപ്പിലാൽ സിങ്ങിന്റെ പ്രായം.
ബിരുദധാരിയാണ് പോപ്പിലാൽ. മണിപ്പൂരിൽ ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 38 മണ്ഡലങ്ങളിൽ ആകെയുള്ള 173 സ്ഥാനാർത്ഥികളിൽ പകുതിയും കോടീശ്വരന്മാരാണ്. കെയ്സംതോങ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സപം നിഷികാന്ത് സിങ് ആണ് 29 കോടി രൂപയുടെ ആസ്തിയുമായി ഒന്നാമത്.
നിങ്‌തോജാം പോപ്പിലാൽ സിങ്ങിന്റെ വാക്കുകളിലേയ്ക്ക്;
പണം കൊണ്ട് ഒന്നിനും ശാശ്വത പരിഹാരം കാണാനാവില്ലെന്നും തെരഞ്ഞെടുപ്പ് ഗോദകൾ പണക്കാരുടെ മാത്രം തട്ടകമല്ല. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ ഉള്ളവർക്കും കാശുള്ളവർക്കും മാത്രമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജയിക്കാനും കഴിയുകയെന്ന മിഥ്യാധാരണ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു.
രാഷ്ട്രീയം ജനങ്ങൾക്കു വേണ്ടി ശക്തമായ ഇടപെടലുകൾ നടത്താൻ സാധിക്കുന്ന പ്ലാറ്റ്‌ഫോം ആണ്. എന്നാൽ അധികാരമോഹികളുടെയും പണക്കാരുടെയും ഇടത്താവളമായി അത് അധഃപതിച്ചു. ജനങ്ങൾക്കു വേണ്ടി നിലകൊള്ളാനും സമൂഹത്തിൽ മാറ്റം കൊണ്ടുവരാനും സാധിക്കുമെന്ന വിശ്വാസം ഉള്ളതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. കാശുള്ളവർക്കല്ല, ഇച്ഛാശക്തിയും അർപ്പണ മനോഭാവവും ഉള്ളവർക്ക് മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ.