ബംഗളൂരു: കർണാടക നിയമസഭയിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള ബില്ല് ഐകകണ്‌ഠ്യേനെ പാസായി. ഏകദേശം 40ശതമാനത്തോളം വർധനവാണ് ശമ്പളത്തിലുണ്ടാവുക. 15,134 കോടി രൂപയുടെ കമ്മി ബഡ്ജറ്റ് നിലനിൽക്കുന്ന സംസ്ഥാനത്താണ് അധികച്ചെലവായി ശമ്പള വർധനവുണ്ടായിരിക്കുന്നത്. പുതിയ ബിൽ അനുസരിച്ച് ഏകദേശം 92.4 കോടി രൂപയുടെ അധിക ബാധ്യതയാണ് വർഷം തോറുംവരിക.
ബിൽ അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം 50,000 രൂപയിൽ നിന്ന് 75,000 രൂപയായും മന്ത്രിമാരുടേത് 40,000 രൂപയിൽ നിന്ന് 60,000 രൂപയായും ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമേ ഇവർക്കുള്ള വിവിധ അലവൻസുകൾ പ്രതിവർഷം മൂന്ന് ലക്ഷം രൂപയിൽ നിന്ന് നാലര ലക്ഷം ആക്കി ഉയർത്തി. നിയമസഭ സ്പീക്കറിന് മുഖ്യമന്ത്രിയ്ക്ക് തുല്ല്യമായ ശമ്പളമാണ് നൽകുന്നത്. അതും 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ പ്രതിമാസ ശമ്പളം 40,000 രൂപയിൽ നിന്ന് 60,000 ആയി ഉയർന്നു. എംഎൽഎമാരുടെ ശമ്പളം 25000 രൂപയിൽ നിന്ന് 40,000 രൂപയായും മന്ത്രിമാർക്കുള്ള എച്ച്ആർഎ 80,000 രൂപയിൽ നിന്നും പ്രതിമാസം 1.20 ലക്ഷം ആയും ഉയർത്തി. മറ്റ് അലവൻസുകൾ 30,000 രൂപയായും പെട്രോൾ അലവൻസ് പ്രതിമാസം 1000 ലിറ്റർ എന്നുള്ളത് 2000 ലിറ്റർ ആയും ഉയർത്തി.
മന്ത്രിമാരുടെ ശമ്പള വർധനവിനും എംഎൽഎമാരുടെ ശമ്പള വർധനവിനുമായി രണ്ട് വ്യത്യസ്ത ബില്ലുകളാണ് ഇന്നലെ ചേർന്ന കർണാടകയുടെ നിയമസഭാ സമ്മേളനത്തിൽ പാസായത്. പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ് വിവിധ വിഷയങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കടുത്ത പ്രതിഷേധങ്ങളിലായിരുന്നെങ്കിലും ബിൽ പാസാക്കുന്ന കാര്യത്തിൽ എതിർപ്പുയർത്തിയില്ല.
Discussion about this post