മുംബൈ : അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് കുടുംബം. ദിഷയുടെ മരണത്തില്‍ ബിജെപി നേതാവ് നാരായണ്‍ റാണെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഏക മകളെ തനിക്ക് നഷ്ടപ്പെട്ടുവെന്നും അവളുടെ പേര് അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുക വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ദിഷയുടെ അമ്മ വാസന്തി സാലിയന്‍ പറഞ്ഞു. തങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
കുടുംബാങ്ങളെ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കറിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിഷയുടെ മരണം ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമാണെന്നായിരുന്നു റാണെയുടെ ആരോപണം.സംഭവം വിവാദമായതോടെ വനിതാ കമ്മിഷന്‍ ഇടപെടുകയും പോലീസ് രണ്ട് ദിവസത്തിനുള്ളില്‍ മറുപടി പറയണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സുശാന്തിന്റെ മരണത്തിന് ആറ് ദിവസങ്ങള്‍ക്ക് ശേഷം കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ ഉടലെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം മുംബൈ പോലീസ് കേസ് അവസാനിപ്പിച്ചു.സുശാന്തിന്റെ കൂടാതെ അഭിനേതാക്കളായ ഭാര്‍തി സിങ്, റിയ ചക്രവര്‍ത്തി, വരുണ്‍ ശര്‍മ തുടങ്ങിയവരുടെ കൂടെയും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also read : യുപിയില്‍ യോഗിയുടെ പ്രചരണവേദിക്ക് സമീപം കന്നുകാലികളെ അഴിച്ചുവിട്ട് കര്‍ഷകര്‍
മകളുടെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരും മറ്റും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും ചില ബിസിനസ് ഡീലുകള്‍ നഷ്ടമായതില്‍ ദിഷ വിഷാദത്തിലായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.