ബംഗളൂരു: അപൂർവ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരൻ വരദ് നലവാദെ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവനയായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. വളർന്നുവരുന്ന ക്രിക്കറ്റർ കൂടിയാണ് വരദ്. കുട്ടിയുടെ അടിയന്തര ബോൺ മാരോ ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യം. ഇതിൽ 31 ലക്ഷമാണ് രാഹുൽ സംഭാവനയായി നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ അക്കൗണ്ട് രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സുമനസുകളുടെ സഹായം തേടിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാഹുൽ രക്ഷകനായി എത്തിയത്. 5ാം ക്ലാസ് വിദ്യാർഥിയായ വരദ്, കഴിഞ്ഞ സെപ്റ്റംബർ മുതൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമായിരുന്നു കുട്ടിക്ക്.
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറഞ്ഞതുമൂലം വരദിന്റെ രോഗ പ്രതിരോധ ശക്തിയും തീരെ കുറവായിരുന്നു. ചെറിയ പനിപോലും സുഖപ്പെടാൻ മാസങ്ങൾ വരെ എടുക്കും. ഇപ്പോൾ ശസ്ത്രക്രിയയ്ക്കു വിധേയനായ വരദ് സുഖം പ്രാപിച്ചുവരികയാണ്. ‘ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിൽ അതിയായ സന്തോഷമുണ്ട്.
കുട്ടി സുഖമായിരിക്കുന്നു. വളരെ വേഗം കളിക്കളത്തിലേക്കു മടങ്ങിയെത്തി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ അവനു സാധിക്കട്ടെ. എന്റെ ഈ സംഭാവനയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്, ആവശ്യക്കാർക്കു സഹായം എത്തിച്ചു നൽകുന്നതിനായി കൂടുതൽപേർ മുന്നിട്ടിറങ്ങട്ടെ’ കെ.എൽ. രാഹുൽ പ്രതികരിച്ചു.
Discussion about this post