ചെന്നൈ; വീട്ടുകാരും പാർട്ടി പ്രവർത്തകരും തന്നെ ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി. തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ടാണ് മാത്രം ലഭിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് എത്തിയത്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്തിലേക്കാണ് നരേന്ദ്രൻ മത്സരിച്ചത്.
ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാർട്ടി പ്രവർത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോൾ ചെയ്ത 162 വോട്ടിൽ 84 വോട്ടും നേടി ഡിഎംകെ സ്ഥാനാർഥിയാണ് ജയിച്ചത്.
പൊള്ളയായ വാഗ്ദാനം നൽകി വീട്ടുകാരും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം അദ്ദേഹം തുറന്നടിച്ചു. തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിയാണ് മുന്നേറിയത്.
ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും മത്സരം നടന്നത്.