ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും.
മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് പ്രജ്ഞാനന്ദ മുട്ടുകുത്തിക്കുകയായിരുന്നു. 16 വയസ്സുകാരൻ ഇത്രയും പരിചയസമ്പന്നനായൊരു താരത്തെ പരാജയപ്പെടുത്തിയത് അത്ഭുതകരമെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയെന്നുമാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.
അതേസമയം, ലോകചാമ്പ്യനെ വീഴിത്തിയതന്റെ അമ്പരപ്പിലാണ് പ്രജ്ഞാനന്ദയും, തനിക്കിത് വിശ്വസിക്കാനാകുന്നില്ല എന്നാണ് മൽസരശേഷം ഇന്റർനാഷണൽ ചെസ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ പ്രജ്ഞാനന്ദ പറഞ്ഞത്. സ്വന്തം ഹീറോ കൂടിയായ മാഗന്‌സ് കാൾസണെ തോൽപ്പിക്കുന്നത് തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നെന്നും പ്രജ്ഞാനന്ദ പ്രതികരിച്ചു.