‘ജാന്‍, എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, മടങ്ങിവരൂ…ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു’- വാഹനാപകടം കവര്‍ന്ന പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ പ്രണയിനി റീന റായ്‌യുടെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്.
വിവാഹത്തെ കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ സിദ്ദുവിനെ മരണം തട്ടിയെടുത്തത്. അപകടം സംഭവിക്കുമ്പോള്‍ സിദ്ദുവിനൊപ്പം കാറില്‍ റീനയും ഉണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. ആശുപത്രിയില്‍ നിന്നാണ് റീന കുറിപ്പ് പങ്കുവച്ചത്.
‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഞാന്‍ അക്ഷരാര്‍ഥത്തില്‍ മരിച്ചതുപോലെയാണ്. നിന്റെ പ്രിയപ്പെട്ടവളുടെ അരികിലേക്ക് മടങ്ങിവരൂ. ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജാന്‍, നീ എന്റെ ഹൃദയമിടിപ്പാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ നീ എനിക്കരികില്‍ നിന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. നീ എനിക്കരികില്‍ എല്ലായ്പ്പോഴുമുണ്ടാകുമെന്ന് അറിയാം- റീന കുറിച്ചു.
ഹരിയാനയിലെ സോനിപത്തിലെ എക്‌സ്പ്രസ് ഹൈവേയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് കാറില്‍ പോകവെയാണ് അപകടമുണ്ടായത്. ഹരിയാനയിലെ കുണ്ഡ്ലി അതിര്‍ത്തിക്കടുത്തുള്ള സോനിപത് ജില്ലയില്‍, ഹൈവേയുടെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ട്രോളിയില്‍ അദ്ദേഹത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്ക്ഷണം മരിച്ചു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷക്കേസില്‍ ദീപ് സിദ്ദു പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ ദീപ് സിദ്ദു നേതൃത്വം നല്‍കിയെന്നായിരുന്നു ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെ ആക്രമിച്ച ശേഷം ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും കൂട്ടരും അവിടെ സിഖ് പതാക ഉയര്‍ത്തിയതും വിവാദമായി.
ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ സിദ്ദുവാണെന്ന് കര്‍ഷകസമര നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കലഹത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സിദ്ദുവിനെ 2021 ഫെബ്രുവരി ഒമ്പതിന് അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രില്‍ 16 ന് സിദ്ദുവിന് ജാമ്യം ലഭിക്കുകയും ചെയ്തു.
2015ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവര്‍ത്തകനുമാണ് സിദ്ദു.