ഭുവനേശ്വർ: ഒഡിഷയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വിവാഹത്തട്ടിപ്പുകാരനായ 63കാരൻ രമേശ് ചന്ദ്രയ്ക്കെതിരെ വെളിപ്പെടുത്തലുമായി മൂന്ന് യുവതികൾ കൂടി രംഗത്ത്. ഇതോടെ രമേശ് വിവാഹം ചെയ്തവരുടെ എണ്ണം 17 ആയി ഉർന്നു. കഴിഞ്ഞ ദിവസം 14 പേരെ വിവാഹം ചെയ്തതായാണ് റിപ്പോർട്ടുകളെത്തിയത്. മൂന്നു പേർ കൂടി എത്തിയതോടെയാണ് ഇതുവരെ 17 പേരെ വിവാഹം കഴിച്ചതായി സ്ഥിരീകരിച്ചത്.
ഒഡിഷ(4) ഡൽഹി(3) അസം(3) മധ്യപ്രദേശ്(2) പഞ്ചാബ്(2) ഛത്തീസ്ഗഢ്(1) ജാർഖണ്ഡ്(1) ഉത്തർപ്രദേശ്(1) എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് പ്രതി സ്ത്രീകളെ വിവാഹം ചെയ്തത്. ഇരയായവരിൽ ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റും അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും അധ്യാപികമാരും ഉൾപ്പെടുന്നതാണ് ഞെട്ടിക്കുന്നു.
മാട്രിമോണിയൽ വെബ്സൈറ്റ് വഴി പങ്കാളികളെ തേടുന്ന മധ്യവയസ്ക്കരായ സ്ത്രീകളായിരുന്നു പ്രധാനമായും ഇയാളുടെ ഇര. ഡോക്ടറാണെന്ന് പറഞ്ഞായിരുന്നു പലരെയും ഇയാൾ പരിചയപ്പെട്ടത്. ഡോ. ഭിബു പ്രകാശ് സൈ്വൻ, ഡോ. രാമനി രഞ്ജൻ സൈ്വൻ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചിരുന്നത്. തുടർന്ന് വിവാഹം കഴിച്ചശേഷം പണം തട്ടിയെടുത്ത് മുങ്ങുന്നതായിരുന്നു ഈ മധ്യവയ്സകന്റെ പതിവു രീതി.
1982ലാണ് ഇയാൾ ആദ്യമായി വിവാഹം കഴിച്ചത്. 2020-ൽ ഡൽഹി സ്വദേശിനിയായ അധ്യാപികയെയാണ് ഏറ്റവും ഒടുവിലായി ഇയാൾ വിവാഹം കഴിച്ചത്. ഡൽഹിയിലെ ആര്യസമാജം ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. ഈ യുവതിയാണ് രമേശ് ചന്ദ്രയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തി അന്വേഷണത്തിലാണ് 17ഓളം പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്.
ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന് പണം നഷ്ടമായി
പഞ്ചാബിൽനിന്ന് വിവാഹം കഴിച്ച ഒരാളിൽനിന്ന് 10 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഈ വിവാഹം നടന്ന ഗുരുദ്വാരയിൽനിന്ന് മെഡിക്കൽ കോളേജ് സ്ഥാപിക്കാമെന്ന് പറഞ്ഞ് 11 ലക്ഷവും തട്ടിയെടുത്തിട്ടുണ്ട്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ഒഡിഷയിലെ വിദ്യാർഥിയിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതിനും ഇയാൾക്കെതിരേ കേസുണ്ട്. 2010-ൽ തൊഴിൽ തട്ടിപ്പ് കേസിൽ ഹൈദരാബാദിലും വായ്പ തട്ടിപ്പ് കേസിൽ 2006-ൽ എറണാകുളത്തും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതിയിൽനിന്ന് മൂന്ന് പാൻ കാർഡുകളും 11 എ.ടി.എം. കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണവും നടത്തും.
Discussion about this post