ന്യൂഡല്‍ഹി : എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രാമന്റെ പിന്‍ഗാമിയായിരുന്നുവെന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗൂണ്ടയിലെ ബിജെപി സ്ഥാനാര്‍ഥിയും മകനുമായ പ്രതീക് ഭൂഷണ്‍ സിങ്ങിന്റെ പ്രചരണത്തിനിടെയായിരുന്നു ബ്രിജ്ഭൂഷണിന്റെ പരാമര്‍ശം.
ഒവൈസി തന്റെ പഴയ സുഹൃത്താണെന്നും അദ്ദേഹം നേരത്തേ ക്ഷത്രിയനായിരുന്നുവെന്നും അഭിപ്രായപ്പെട്ട ബ്രിജ് ഭൂഷണ്‍ എഐഎംഐഎമ്മുമായി സഖ്യം രൂപീകരിക്കാത്തതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വിമര്‍ശിച്ചു. അഖിലേഷും ഒവൈസിയും തമ്മില്‍ മുസ്ലീം സമുദായത്തിന്റെ നേതൃപദവി ഏറ്റെടുക്കാനുള്ള പരസ്പര മത്സരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷിനെ ചതിയനെന്ന് വിളിച്ച ഭൂഷണ്‍ അഖിലേഷ് പിതാവ് മുലായം സിങ്ങിനെയും അമ്മാവന്‍ ശിവപാല്‍ സിങ്ങിനെയും വഞ്ചിച്ചുവെന്നും 20-30 സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് ബിജെപിയില്‍ നിന്ന് എസ്പിയില്‍ എത്തിച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് പാര്‍ട്ടിയില്‍ എത്തിയപ്പോള്‍ ഒന്നും നല്‍കിയില്ലെന്നും കുറ്റപ്പെടുത്തി.